ISLTop Stories

ബ്ലാസ്റ്റേഴ്‌സിന്റെ തലവര ലെസ്‌കോവിച്ച് മാറ്റിയെഴുതിയതിങ്ങനെ!!

ഒരെണ്ണം കൊടുക്കുക, തൊട്ടുപിന്നാലെ രണ്ടെണ്ണം വാങ്ങുക. ഈ സീസണ്‍ വരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പതിവായിരുന്നു ഇത്. ഇത്തവണ ഉദ്ഘാടന മത്സരത്തില്‍ എടികെയുടെ കൈയില്‍ നിന്ന് നാലുഗോളുകള്‍ വാങ്ങിയപ്പോള്‍ കഥ തുടരുന്നുവെന്ന് പലരും വിധിയെഴുതി. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് മാറിമറിയുന്നതാണ് കണ്ടത്. എന്താണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയരഹസ്യം? ഒരേ മനസോടെ കളിക്കുന്ന താരങ്ങളും കൃത്യമായി എല്ലാം നിയന്ത്രിക്കുന്ന കോച്ചുമാണെന്ന് ഒറ്റവാക്കില്‍ പറയാം. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ നിശബ്ദമായി പണിയെടുക്കുന്ന നമ്മുടെ പ്രതിരോധനിരയ്ക്ക് വലിയ പങ്കുണ്ട്. ഓരോ മത്സരത്തിലും ഒന്നിനൊന്ന് മികച്ചരീതിയില്‍ കോട്ട കാക്കുന്ന നമ്മുടെ പ്രതിരോധനിരയ്ക്ക് നല്കണം ഒന്നാന്തരമൊരു കൈയ്യടി. ഇതുവരെ കളിച്ച പത്തില്‍ വെറും പത്തു ഗോളുകള്‍ മാത്രമാണ് നാം വഴങ്ങിയത്.

ലീഗില്‍ ഇത്തവണ ഏറ്റവും കുറച്ചു ഗോളുകള്‍ വഴങ്ങിയ ടീമുകളിലൊന്ന് ബ്ലാസ്‌റ്റേഴ്‌സിന്റേതാണ്. മറ്റെന്ന് ഹൈദരാബാദ് എഫ്‌സിയും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇതുവരെ 20 ഗോളുകള്‍ വഴങ്ങിയെന്നറിയുമ്പോഴാണ് നമ്മുടെ പ്രതിരോധത്തിന്റെ വില അറിയുന്നത്. പൂപറിക്കുന്ന ലാഘവത്തോടെ എതിര്‍മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ സാന്നിധ്യം തന്നെയാണ് മഞ്ഞപ്പടയുടെ കരുത്ത്. നമ്മള്‍ വഴങ്ങിയതിലുമധികം ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ ലെസ്‌കോവിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്. ടീമിനോട് ഏറ്റവുമധികം ഇഴുകിച്ചേര്‍ന്ന കളിക്കാരിലൊരാളും ലെസ്‌കോ തന്നെയാണ്. പ്രതിരോധനിരയില്‍ താരങ്ങള്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍ഡിംഗാണ് ഏറെ പ്രധാനം. ഈ സീസണില്‍ ഏതൊരു ടീമിനെ എടുത്തുനോക്കിയാലും ഏറ്റവും ഒത്തിണക്കമുള്ള പ്രതിരോധം നമ്മുടേതാണെന്ന് പറയാനാകും.

ഹോര്‍മിപാമും ഖബ്രയും എണ്ണയിട്ട യന്ത്രം പോലെയാണ് കളിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനും ഇന്ത്യയ്ക്കും ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ പറ്റിയ താരമാണ് ഹോര്‍മിപാം എന്ന ഇരുപതുകാരന്‍. പ്രയത്തിനേക്കാളേറെ പക്വത കാണിക്കുന്നു ഈ മണിപ്പൂര്‍ സ്വദേശി. കരിയറിന്റെ അവസാനഘട്ടത്തിലെങ്കിലും ഖബ്രയുടെ മിന്നും പ്രകടനവും എടുത്തു പറയേണ്ടതാണ്. കമ്മിറ്റ്‌മെന്റിന്റെ കാര്യത്തില്‍ 100 ശതമാനവും നല്കാന്‍ അദേഹം ശ്രമിക്കുന്നു. ഒരിക്കല്‍പ്പോലും സ്വാര്‍ത്ഥ താല്പര്യത്തിനായി കളിക്കുന്നില്ലെന്നതും ഖബ്രയുടെ പ്രത്യേകതയാണ്. ജെസലിനെയും നമ്മുടെ കാവല്‍ക്കാരന്‍ ഗില്ലിനെയും പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമില്ല. അടുത്ത ജിങ്കനായി വളര്‍ത്തിയെടുക്കാന്‍ പറ്റിയൊരു താരവും നമ്മുടെ ബെഞ്ചിലുണ്ട്. ആദ്യ സീസണില്‍ തന്നെ പ്രശംസ പിടിച്ചുപറ്റിയ ബിജോയ് വര്‍ഗീസെന്ന തിരുവനന്തപുരംകാരന്‍. കിട്ടിയ അവസരങ്ങളിലെല്ലാം കൈയടി വാങ്ങിയ ബിജോയ് ദീര്‍ഘകാല മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Leave a Reply

Back to top button