ISLTop Stories

അടുത്ത സീസണിലേക്ക് നിര്‍ണായക നീക്കവുമായി എസ്ഡി!

ഈ സീസണ്‍ പാതിവഴിയില്‍ എത്തിയതെയുള്ളുവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്ക് കൂടി തുടക്കമിട്ടിരിക്കുകയാണ്. നിലവില്‍ ടീമിനൊപ്പമുള്ള വിദേശതാരങ്ങളെ കൈവിട്ടു കളയാതിരിക്കാനുള്ള നീക്കമാണ് ടീം ഇപ്പോള്‍ നടത്തുന്നത്. അടുത്ത സീസണ്‍ വളരെ നേരത്തെ ആരംഭിക്കും. ഫിഫ ലോകകപ്പ് നവംബറിലും ഡിസംബറിലുമായി നടക്കുന്നതിനാല്‍ അടുത്ത തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒന്നരമാസം മുമ്പെങ്കിലും ലീഗ് ആരംഭിക്കും. അതുകൊണ്ട് തന്നെ മുന്നൊരുക്കത്തിന് സമയം കുറവാണ്. അതുമാത്രമല്ല, ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളുടെ പ്രകടനത്തില്‍ മതിപ്പ് തോന്നിയ മറ്റ് ടീമുകളും ഇവര്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഒപ്പമുള്ള താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രത തന്നെയാണ് ഇത്തരത്തിലൊരു നീക്കത്തിന് മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ ടീമിലെ വിദേശതാരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലവും ലോംഗ് കരാറുകളും നല്കി കൂടെനിര്‍ത്താനാണ് ശ്രമം. അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌കസും ഉള്‍പ്പെടെയുള്ള വിദേശതാരങ്ങള്‍ ടീമിനൊപ്പം ഇഴുകിചേര്‍ന്നിട്ടുണ്ട്. മറ്റേതൊരു ടീമില്‍ കളിക്കുന്നതിലും കംഫര്‍ട്ടാണ് ഈ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍. അതുകൊണ്ട് തന്നെ ഈ താരങ്ങളൊക്കെ അടുത്ത സീസണിലും ടീമിലുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ മാനേജ്‌മെന്റിന് വലിയ പ്രയാസമുണ്ടാകില്ല. മുന്‍ സീസണുകളില്‍ ടീമിനെ ഏറ്റവും കൂടുതല്‍ ബാധിച്ചത് മാറിമാറി വന്ന വിദേശതാരങ്ങളായിരുന്നു. കേവലം ഒരു സീസണിനപ്പുറത്തേക്ക് എത്ര മികച്ച പ്രകടനം നടത്തിയവര്‍ പോലും ടീമിനൊപ്പം ചേര്‍ന്നു പോയിരുന്നില്ല. ഇത് പലപ്പോഴും പ്രകടനത്തെ ബാധിക്കുകയും ചെയ്തു. അടിക്കടി താരങ്ങളെ മാറ്റുന്നതിനെ മുന്‍കാല താരങ്ങള്‍ പോലും വിമര്‍ശിച്ചിരുന്നു. സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് വന്നതോടെ ടീം കൂടുതല്‍ പ്രെഫഷണല്‍ ലൈനിലേക്ക് മാറുകയും ചെയ്തു.

ഇപ്പോഴത്തെ കളിക്കാരെ വച്ച് ദീര്‍ഘകാല പ്ലാനിംഗ് നടത്തുകയാണ് എസ്ഡിയുടെ ലക്ഷ്യം. കൂടുതല്‍ കാലം ഒരുമിച്ച് കളിക്കുന്നവര്‍ തമ്മില്‍ കൂടുതല്‍ ഒത്തിണക്കമുണ്ടാകും. അതു ടീമിന്റെ പ്രകടനത്തിലും പ്രതിഫലിക്കും. മുന്‍കാലങ്ങളില്‍ എടികെയും ഗോവയുമെല്ലാം തങ്ങളുടെ പ്രധാന ടീമില്‍ വലിയ പൊളിച്ചെഴുത്തലുകള്‍ നടത്തിയിരുന്നില്ല. അതിന്റെ നേട്ടവും അവര്‍ക്കുണ്ടായി. ഇനി മുതല്‍ ഇതേ ലൈനില്‍ തന്നെ പോകുകയാകും ബ്ലാസ്‌റ്റേഴ്‌സിന്റെയും ലക്ഷ്യം. ഫസ്റ്റ് ഇലവനിലോ പകരക്കാരുടെ റോളിലോ കളിക്കാന്‍ സാധിക്കാത്ത താരങ്ങളെ ലോണില്‍ വിടാന്‍ തീരുമാനിച്ചതും ദീര്‍ഘകാലം ലക്ഷ്യം വച്ചാണ്. കൂടുതല്‍ മത്സരപരിചയമുള്ള യുവതാരങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ടീമിന് സമ്മാനിക്കാനാകുമെന്ന ബോധ്യം മാനേജ്‌മെന്റിനുണ്ട്. എന്തായാലും ഈ സീസണില്‍ ഇതുവരെ ടീമിന്റെ പ്രയാണം ശരിയായ ദിശയില്‍ തന്നെയാണ്.

Related Articles

Leave a Reply

Back to top button