ISLTop Stories

ഗോവയിലെത്തിയത് നിരവധി മലയാളികള്‍; ടിക്കറ്റിനായി കൂട്ടപ്പാച്ചില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനല്‍ നാളെ നടക്കാനിരിക്കെ ടിക്കറ്റിനായി പരക്കം പാഞ്ഞ് ആരാധകര്‍. ഞായറാഴ്ച്ച രാത്രി 7.30 ന് നടക്കുന്ന ഫൈനലിന്റെ ടിക്കറ്റുകളെല്ലാം ഇന്നലെ തന്നെ വിറ്റു തീര്‍ന്നിരുന്നു. മത്സരം കാണാനാകുമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് ആരാധകരാണ് ഗോവയ്ക്ക് ട്രെയിന്‍ കയറിയിരിക്കുന്നത്. 18,000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് ഫത്തോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം.

ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദും തമ്മിലുള്ള ഫൈനലിനായി ടിക്കറ്റുകള്‍ വാങ്ങിയതില്‍ 90 ശതമാനവും മലയാളികളാണ്. ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ ഗോവയില്‍ ട്രെയിന്‍ ഇറങ്ങിയ മലയാളികള്‍ നിരവധിയാണ്. പലരും സുഹൃത്തുക്കളുമൊത്താണ് ഗോവയിലെത്തിയത്. എന്നാല്‍ ടിക്കറ്റ് കിട്ടില്ലെന്നറിഞ്ഞതോടെ അവരെല്ലാം നിരാശരാണ്. രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച്ച രാവിലെ പത്തോടെ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍ന്നിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുമെന്ന് ഉറപ്പിച്ച് ടിക്കറ്റ് വാങ്ങിയ ചിലര്‍ ഓണ്‍ലൈനില്‍ ഇവ വന്‍ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. പലരും ഇത്തരത്തില്‍ പത്തിരട്ടി കൂടുതല്‍ പണം നല്‍കി ടിക്കറ്റ് വാങ്ങുന്നുണ്ട്. കൊച്ചിയടക്കം പലയിടങ്ങളിലും ഫാന്‍സുകാര്‍ മുന്‍കൈയെടുത്ത് സ്‌ക്രീനിംഗ് നടത്തുന്നുണ്ട്.

ഫൈനലില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് കളിക്കാനാവില്ലെന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. രണ്ടാം പാദ സെമിക്ക് മുന്നോടിയായി പരിശീലനം നടത്തുമ്പോള്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. സഹല്‍ കളിക്കില്ലെന്ന് സഹപരിശീലകന്‍ ഇഷ്ഭാഖ് അഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button