ISL

എടികെ മുതലാളിക്കെതിരേ കലാപവുമായി ആരാധകര്‍; നാണക്കേടായി ബാനര്‍!!

ഇന്ത്യയിലെ എണ്ണംപറഞ്ഞ ക്ലബുകളിലൊന്നായിരുന്നു മോഹന്‍ ബഗാന്‍. ആ പേരും പെരുമയും വിലയ്‌ക്കെടുത്തപ്പോള്‍ എടികെയുടെ മുതലാളി സഞ്ജീവ് ഗോയെങ്ക ഇത്രമൊരു പ്രഹരം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. ഐഎസ്എല്‍ പുതിയ സീസണില്‍ തോറ്റുതുടങ്ങിയ എടികെ മോഹന്‍ ബഗാന് തിരിച്ചടിയായി ആരാധകരുടെ പ്രതിഷേധവും.

മോഹന്‍ ബഗാന്റെ യഥാര്‍ത്ഥ ഫാന്‍സാണ് പ്രതിഷേധം കനപ്പിച്ചു രംഗത്തെത്തിയിരിക്കുന്നത്. ക്ലബിന്റെ പേരില്‍ നിന്ന് എടികെ എന്നത് എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടാണ് ആരാധകരുടെ പ്രതിഷേധം. ക്ലബിനെ എടികെ ഏറ്റെടുത്തത് മോഹന്‍ ബഗാന്‍ ഫാന്‍സ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ജനങ്ങളാല്‍ സ്ഥാപിതമായ ക്ലബിനെ വെറുമൊരു ഫ്രാഞ്ചൈസി കോടികളെറിഞ്ഞ് വിലയ്‌ക്കെടുത്തതില്‍ അവര്‍ നീണ്ടകാലമായി പ്രതിഷേധത്തിലാണ്.

മോഹന്‍ ബഗാനെന്ന പേര് ഒപ്പം ചേര്‍ത്തെങ്കിലും ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ അതൊന്നും പര്യാപ്തമായിട്ടില്ല. മുമ്പൊക്കെ നട്ടുച്ചയ്ക്ക് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് നടക്കുമ്പോള്‍ ബഗാന്‍ കളിക്കാനിറങ്ങിയാല്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം നിറഞ്ഞു കവിയുമായിരുന്നു. ചെന്നൈയ്‌നെതിരേ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എടികെ കളിക്കാനിറങ്ങിയിട്ട് പോലും ഗ്യാലറികള്‍ ശുഷ്‌കമായിരുന്നു.

എടികെയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ സ്‌റ്റേഡിയത്തില്‍ വലിയ ബാനര്‍ ഉയര്‍ത്തിയതും ക്ലബിന് നാണക്കേടായി. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ റിമൂവ് എടികെ ഫാഷ്ടാഗുകളില്‍ പ്രചാരണം ശക്തമാണ്. സീസണ്‍ അവസാനിക്കും മുമ്പ് എടികെയില്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് ഉറപ്പാണ്.

Related Articles

Back to top button