ISL

ഐഎസ്എല്ലിനെ രണ്ടായി വിഭജിക്കുക; ഗംഭീര ഐഡിയയുമായി കോണ്‍സ്റ്റന്റൈന്‍!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ കൂടുതല്‍ ആവേശകരമാക്കാന്‍ അടിപൊളി ഐഡിയയുമായി ഇൗസ്റ്റ് ബംഗാള്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ലീഗില്‍ ഇപ്പോഴത്തെ നിലയില്‍ തരംതാഴ്ത്തല്‍ വേണ്ടെന്ന് പറയുന്ന കോണ്‍സ്റ്റന്റൈന്‍ പ്രമോഷന് അനുകൂലമാണ്. നിലവില്‍ 12 ടീമെങ്കിലും ഉണ്ടെങ്കില്‍ വര്‍ക്ക് ആകുന്ന ഐഡിയയാണ് മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായ സ്റ്റീഫന്‍ അവതരിപ്പിച്ചത്.

12 ടീമുകളും ആദ്യ ഘട്ടത്തില്‍ പരസ്പരം ഹോം ആന്‍ഡ് എവേ രീതിയില്‍ മല്‍സരിക്കുക. ഇതിനുശേഷം ആദ്യമെത്തുന്ന 6 ടീമുകളെ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയവരായി ഒരു ഗ്രൂപ്പിലാക്കുക. പിന്നിലായ ആറു ടീമുകളെ മറ്റൊരു ഗ്രൂപ്പിലും ആക്കുക. ഈ ഗ്രൂപ്പിലുള്ള ടീമുകള്‍ പരസ്പരം ഹോം ആന്‍ഡ് എവേ രീതിയില്‍ ഏറ്റുമുട്ടുക. അങ്ങനെ വരുമ്പോള്‍ ടീമുകള്‍ക്ക് കൂടുതല്‍ മല്‍സരം ലഭിക്കും.

ആദ്യ റൗണ്ടില്‍ 12 ടീമുകളും ഹോം ആന്‍ഡ് എവേയില്‍ മല്‍സരിക്കുമ്പോള്‍ 22 മല്‍സരങ്ങള്‍ കിട്ടും. രണ്ടാം റൗണ്ടില്‍ ആറു ടീമുള്ള ഗ്രൂപ്പില്‍ പരസ്പരം മല്‍സരിക്കുമ്പോള്‍ 10 മല്‍സരവും ലഭിക്കും. ഒരു സീസണില്‍ ഐഎസ്എല്ലില്‍ മാത്രം ടീമുകള്‍ക്ക് ലഭിക്കുക 32 മല്‍സരങ്ങളാകും. ഇത് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കോണ്‍സ്റ്റന്റൈന്‍ പറയുന്നു.

ഐഎസ്എല്ലിനൊപ്പം സൂപ്പര്‍ കപ്പും ഡ്യൂറന്റ് കപ്പും ചേരുന്നതോടെ ചുരുങ്ങിയത് 40-45 മല്‍സരങ്ങള്‍ ഓരോ ടീമിനും സീസണില്‍ ലഭിക്കും. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നതു കൊണ്ടു മാത്രമേ കളിക്കാര്‍ മെച്ചപ്പെടുവെന്ന് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ പറയുന്നു.

Related Articles

Back to top button