Top Stories

എല്ലാം സെറ്റാകുന്നു, പ്ലാന്‍ ബിയുമായി ഐഎസ്എല്‍ സംഘാടകര്‍

ഐഎസ്എല്ലില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സംഘാടകര്‍ പുതിയ നീക്കം തുടങ്ങി. ഇപ്പോഴും പല ടീമുകളും പരിശീലനത്തിനു പോലും ഇറങ്ങാതെ അടച്ചുപൂട്ടി ഇരിക്കുകയാണ്. നാലോളം മത്സരങ്ങള്‍ ഇതുവരെ മാറ്റിവയ്ക്കുകയും ചെയ്തു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സംഘാടകര്‍ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി 20ന് ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ലീഗ് രണ്ടാഴ്ച്ചത്തേക്ക് നീട്ടിവയ്ക്കുകയെന്നതാകും സംഘാടകരെടുക്കുന്ന പ്രധാന തീരുമാനം. ഇതുവഴി മത്സരങ്ങളൊന്നും റദ്ദാക്കപ്പെടേണ്ടി വരില്ല. ഫിക്‌സ്ചര്‍ പുനക്രമീകരിച്ചാല്‍ മതിയാകും. കോവിഡ് ഇത്രയും പടര്‍ന്നുപിടിക്കാന്‍ കാരണം ക്രിസ്മസ് ന്യൂഇയര്‍ സമയത്തെ ആഘോഷസമയത്ത് നിയന്ത്രണം കുറഞ്ഞത്. എല്ലാ ക്യാമ്പുകളിലും തന്നെ കോവിഡിന്റെ തീവ്രഘട്ടം പിന്നിട്ടെന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാഴ്ച്ച പൂര്‍ണ അടച്ചിടല്‍ നടത്തുന്നതോടെ കാര്യങ്ങളെല്ലാം കലങ്ങിത്തെളിയുമെന്നാണ് ഐഎസ്എല്‍ അധികൃതര്‍ വിചാരിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച ഒരു സുപ്രധാന തീരുമാനം അധികൃതര്‍ കൈക്കൊണ്ടിരുന്നു. അത് കോവിഡ് ടെസ്റ്റുകളുടെ ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഒരു താരം പോസിറ്റീവായാല്‍ നേരത്തെ 10 ദിവസം കഴിഞ്ഞായിരുന്നു അടുത്ത ടെസ്റ്റ് നടത്തിയിരുന്നത്. ഇപ്പോഴത് മാറ്റിയിട്ടുണ്ട്. ആറാംദിവസം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാല്‍ ടീമിനൊപ്പം ചേരാം. പരിശീലനത്തിനും മത്സരത്തിനും ഇറങ്ങുകയും ചെയ്യാം. കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുന്ന ടീമുകള്‍ക്ക് വലിയ ആശ്വാസം തന്നെയാണ് ഈ തീരുമാനം. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുളളത് ജെംഷഡ്പൂര്‍, ബ്ലാസ്റ്റേഴ്‌സ്, ഗോവ ക്യാമ്പുകളിലാണ്. എടികെയിലെ ചില താരങ്ങള്‍ നെഗറ്റീവായിട്ടുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും കോവിഡിന്റെ പിടിയില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ നെഗറ്റീവാകുന്നുണ്ട്.

രണ്ടാഴ്ച്ച ലീഗ് നീട്ടിവച്ചാലും നിശ്ചയിച്ച സമയത്ത് തന്നെ ലീഗ് അവസാനിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ നടത്തി നഷ്ടപ്പെട്ട ദിവസങ്ങള്‍ നികത്താനാകും. വേണമെങ്കില്‍ ഒരാഴ്ച്ചകൂടി ലീഗ് ദൈര്‍ഘിപ്പിക്കാനാകുമാകും. മിക്ക ക്ലബുകള്‍ക്കും ഇക്കാര്യത്തില്‍ സമ്മതമാണ്. ലീഗ് ഉപേക്ഷിക്കുന്നത് വരുംസീസണുകളില്‍ ഇന്ത്യയിലേക്ക് താരങ്ങള്‍ വരുന്നതിനെ തടയുമെന്നതാണ് ഏതുവിധേനയും ലീഗ് പൂര്‍ത്തിയാക്കാന്‍ സംഘാടകരെ പ്രേരിപ്പിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത് കേരള ബ്ലാസ്റ്റേഴ്‌സാണ്. എന്തായാലും ഫുട്‌ബോള്‍ ആരവങ്ങള്‍ വീണ്ടും ആസ്വദിക്കാമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button