ISLTop Stories

എതിരാളികള്‍ റാഞ്ചുംമുമ്പേ ഗില്ലിന് എസ്ഡിയുടെ വന്‍ഓഫര്‍!!

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത വരുംദിവസങ്ങളില്‍ പുറത്തുവരും. ഗോള്‍പോസ്റ്റിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന പ്രഭുഷ്‌കാന്‍ ഗില്ലിന് ദീര്‍ഘകാല കരാര്‍ നല്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റ്. ഇന്ത്യന്‍ യുവതാരങ്ങളെ പരമാവധി ടീമില്‍ നിലനിര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. രണ്ടുവര്‍ഷത്തെ കരാറാണ് നിലവില്‍ ഗില്ലിന് ബ്ലാസ്റ്റേഴ്‌സിലുള്ളത്. ആല്‍ബീനോ ഗോമസിന് പരിക്കേറ്റതോടെയാണ് ഗില്‍ ഗോള്‍പോസ്റ്റിന് മുന്നില്‍ സ്ഥിര സാന്നിധ്യമാകുന്നത്. എട്ടുമത്സരങ്ങളില്‍ നിന്ന് വെറും അഞ്ചുഗോളുകള്‍ മാത്രമാണ് ഗില്‍ ഇതുവരെ വഴങ്ങിയത്. ഗോള്‍ഡന്‍ ഗ്ലൗ പട്ടത്തിനുള്ള മത്സരത്തിലും ഗില്‍ തന്നെയാണ് മുന്നില്‍.

ഗില്ലിനെ വിട്ടുകളയാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് ഒട്ടും താല്പര്യമില്ല. ഗില്ലിനാകട്ടെ ഈ ടീമില്‍ നിന്ന് പോകാനും ഇഷ്ടമില്ല. നിലവിലുള്ള കരാര്‍തുകയുടെ ഇരട്ടിയിലധികമാണ് യുവതാരത്തിന് മുന്നില്‍ മാനേജ്‌മെന്റ് ഓഫറായി വച്ചിരിക്കുന്നതെന്നാണ് വിവരം. വലിയ കരാറിനൊപ്പം പ്രതിഫലവും ലഭിക്കുന്നതിനാല്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ വരും സീസണുകളില്‍ തുടരുമെന്ന് ഉറപ്പാണ്. അതേസമയം ഒന്നാംനമ്പര്‍ ഗോള്‍കീപ്പറായിരുന്ന ആല്‍ബീനോ ഗോമസ് മറ്റൊരു ടീമിലേക്ക് മാറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ക്ലബിന്റെയോ താരത്തിന്റെയോ ഭാഗത്തുനിന്നും യാതൊരു സ്ഥിരീകരണവുമില്ല. നിലവില്‍ ക്ലബിന്റെ മേല്‍നോട്ടത്തിലാണ് ഗോമസിന്റെ ചികിത്സകള്‍ നടക്കുന്നത്. ഇനി ആല്‍ബീനോ തിരിച്ചുവന്നാലും ഒന്നാംനമ്പര്‍ ഗോളിയെന്ന സ്ഥാനം തിരികെ കിട്ടുമോയെന്ന കാര്യം സംശയമാണ്. കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ച ഗില്ലില്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ഡബിള്‍ ഹാപ്പിയാണ്. എന്തായാലും ബെഞ്ച് സ്ട്രംഗ്ത് വര്‍ധിക്കുന്നത് ടീമിന് കാര്യമായി പ്രയോജനം ചെയ്യും.

വരുംസീസണുകളില്‍ കൂടുതല്‍ മികച്ച ഇന്ത്യന്‍ താരങ്ങളുള്ള ടീമാകും ഐഎസ്എല്ലില്‍ മേധാവിത്വം പുലര്‍ത്താന്‍ പോകുന്നത്. അതുകൊണ്ട് തന്നെ മിക്ക ടീമുകളും ഇന്ത്യന്‍ താരങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്ക്കുന്നത് ബ്ലാസ്റ്റേഴ്‌സാണെന്ന് പറയാം. ഐഎസ്എല്‍ ടീമുകളില്‍ പ്രായക്കുറവിന്റെ കാര്യത്തിലും നമ്മള്‍ തന്നെയാണ് ഒന്നാമത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായതും യുവതാരങ്ങളാണ്. ഹോര്‍മിപാമും സഹലും ജീക്‌സണും ഗില്ലുമെല്ലാം നന്നായി കളിച്ചതുകൊണ്ടാണ് വിദേശതാരങ്ങളുടെ പിന്തുണയോടെ മുന്നേറാനായത്. മികച്ച വിദേശതാരങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം കളികള്‍ ജയിക്കാനാകില്ലെന്നതിന് കഴിഞ്ഞ സീസണിലെ ഒഡീഷ തന്നെ ഉദാഹരണം. അടുത്ത സീസണ്‍ മുതല്‍ മത്സരങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നത് ടീമിന് മേല്‍ക്കൈ സമ്മാനിക്കും.

Related Articles

Leave a Reply

Back to top button