ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിനെ കേരളത്തില്‍ നിന്ന് ഓടിക്കാന്‍ ഒത്തുകളി!

കേരളത്തിലേക്ക് ഫുട്‌ബോളിന്റെ പ്രതാപം തിരികെ കൊണ്ടു വരുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് വഹിച്ച പങ്ക് എത്രത്തോളം വലുതാണെന്ന് പറയാന്‍ പോലും സാധിക്കില്ല. അത്രമേല്‍ വലിയൊരു ദൗത്യമാണ് അവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് സാധിക്കാത്തത് ബ്ലാസ്റ്റേഴ്‌സ് എന്ന കൊമ്പന്മാര്‍ക്ക് നേടാനായി.

എന്നാല്‍ ഏറെ ദു:ഖകരമാണ് നമ്മുടെ അധികാരികളും ഉദ്യോഗസ്ഥരും ഫുട്‌ബോളിനോടും ബ്ലാസ്‌റ്റേഴ്‌സിനോടും ചെയ്തു കൊണ്ടിരിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലെ പരിശീലനത്തിന് എത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് കേട്ടുകേള്‍വി ഇല്ലാത്ത തിക്തഫലമാണ് നേരിടേണ്ടി വന്നത്. അനുമതിയില്ലാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനത്ത് അതിക്രമിച്ചു കയറിയെന്നാരോപിച്ച് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെതിരേ കേസ് കൊടുക്കാന്‍ പോലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായെന്നത് ഞെട്ടിക്കുന്നതാണ്.

കളിക്കാര്‍ പരിശീലനത്തിനെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയേക്കുകയായിരുന്നു. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഇടപെട്ട് ഗേറ്റ് തുറന്നു പരിശീലനം തുടങ്ങിയെങ്കിലും പോലീസിനെ അയച്ചായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രതികാരം.

ഇന്നലെ വിദേശതാരങ്ങള്‍ അടങ്ങിയ ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം കഴിഞ്ഞു എത്തിയപ്പോളേക്കും താരങ്ങളുടെ ചേയ്ഞ്ചിങ് റൂം പൂട്ടുകയും ടീമിന്റെ മുഖ്യ പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിന്റെയും ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും ഉള്‍പ്പെടെ വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും എംഎല്‍എയുമായ പി.വി. ശ്രീനിജന്‍ ഈ വിഷയത്തില്‍ പറയുന്നത് ഇങ്ങനെയാണ്-അനുമതിയില്ലാതെ അവര്‍ ഗേറ്റിന്റെ താഴ് തല്ലിപ്പൊളിച്ച് അകത്തുകയറി. അതുകൊണ്ടാണ് നിയമപരമായി നേരിട്ടത്. ഇപ്പോള്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി.

മുമ്പും ബ്ലാസ്റ്റേഴ്‌സിനെതിരേ ജിസിഡിഎയെയുടെ ഭാഗത്തു നിന്ന് ഗൂഢാലോചന ഉണ്ടായിരുന്നു. അന്ന് വലിയൊരു തുക നഷ്ടപരിഹാരം പോലെ വാങ്ങിയാണ് അവര്‍ ബ്ലാസ്‌റ്റേഴ്‌സിനെ വെറുതെ വിട്ടത്. ഫ്രീ പാസ് നല്‍കാത്തതിന്റെ കലിപ്പാണ് ജിസിഡിഎ അധികൃതര്‍ അന്ന് തീര്‍ത്തത്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ ഫുട്‌ബോള്‍ വളരില്ലെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Back to top button