ISLTop Stories

വിദേശതാരങ്ങള്‍ ഐഎസ്എല്ലില്‍ നിന്ന് നേരത്തെ മടങ്ങുമെന്ന് അഭ്യൂഹം!

ഐഎസ്എല്ലില്‍ കോവിഡ് ആശങ്കകള്‍ പതിയെ കുറയുന്നുവെന്ന സൂചനകള്‍ക്കിടെ ആശങ്കകള്‍ പങ്കുവച്ച് വിദേശതാരങ്ങള്‍. ബയോബബിളില്‍ കര്‍ശനമായ നിയന്ത്രണത്തില്‍ കഴിഞ്ഞിട്ടും കോവിഡ് വന്നതിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് വിദേശതാരങ്ങള്‍ പറയുന്നു. എത്രയും പെട്ടെന്ന് ലീഗ് അവസാനിച്ച് നാട്ടിലെത്താന്‍ തിടുക്കമായെന്ന് ചില താരങ്ങള്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ എനെസ് സിപ്പോവിച്ചും തന്റെ ആശങ്ക തുറന്നുപറഞ്ഞിരിക്കുകയാണ്. അടച്ചിട്ട മുറിയില്‍ കഴിയുകയെന്നത് അത്ര എളുപ്പമല്ലെന്ന് താരം പറയുന്നു. ഭാര്യയ്‌ക്കൊപ്പമാണ് സിപ്പോവിച്ച് ഗോവയിലുള്ളത്. ഗര്‍ഭിണിയായ ഭാര്യ ഒപ്പമുള്ളതിനാല്‍ അതീവജാഗ്രതയോടെയാണ് തങ്ങള്‍ ബയോബബിളില്‍ കഴിയുന്നതെന്ന് താരം പറയുന്നു.

മിക്ക വിദേശതാരങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ബയോബബിളില്‍ കഴിയുന്നത്. ഒരു വിദേശതാരത്തിന്റെ രണ്ടുവയസുള്ള മകള്‍ക്കും കോവിഡ് പിടികൂടിയിരുന്നു. തങ്ങള്‍ക്ക് കളിക്കാനുള്ള താല്പര്യം പോലും നഷ്ടപ്പെട്ടതായി ഗോവന്‍ ക്യാപ്റ്റന്‍ എഡു ബേഡിയ പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ലീഗ് അവസാനിക്കുന്നുവോ അത്രയും നല്ലതെന്നതാണ് പലരുടെയും മനസിലെന്ന് അദേഹം പറയുന്നു. അതേസമയം ലീഗ് പൂര്‍ത്തിയാക്കാതെ ചില വിദേശതാരങ്ങള്‍ മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഒരു താരംപോലും സ്വദേശത്തേക്ക് നേരത്തെ മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ്.

അതേസമയം ഇപ്പോള്‍ ലീഗ് ഉപേക്ഷിച്ചാലും കേരള ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാരാകും. ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 11 മത്സരങ്ങളില്‍ 20 പോയിന്റ് ഉണ്ട്. ഒരു മത്സരത്തില്‍ ഒരു ടീം എടുത്ത ശരാശരി പോയിന്റ് കണക്കില്‍ എടുത്താകും ലീഗ് കിരീടം തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ ഒന്നാമതുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ് കൂടുതല്‍ ശരാശരി പോയിന്റ്. കേരള ബ്ലാസ്റ്റേഴ്‌സിന് 1.81 ആണ് ശരാശരി പോയിന്റ്. 11 മത്സരങ്ങളില്‍ 19 പോയിന്റുള്ള ജംഷദ്പൂരിന് 1.72 ആണ് ശരാശരി പോയിന്റ്. മോഹന്‍ ബഗാന് 1.67 ആണ് ശരാശരി പോയിന്റ്. സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനാല്‍ ലീഗ് ഉപേക്ഷിക്കാനുള്ള സാധ്യത കുറവാണ്.

Related Articles

Leave a Reply

Back to top button