ISLTop Stories

ഐഎസ്എല്‍ അധികൃതരുടെ നീക്കം വിപ്ലവകരം; കൈയടിച്ച് വിജയന്‍

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് വാരാന്ത്യത്തിലേക്ക് ഐസ്എല്‍ മാറ്റിയ നീക്കമെന്ന് ഇതിഹാസ താരവും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അധ്യക്ഷനുമായ ഐ.എം വിജയന്‍. ഇത്തരത്തിലൊരു നീക്കം ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ ഗുണം ചെയ്യുമെന്ന് വിജയന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതല്‍ ദൈര്‍ഘ്യമേറിയ ലീഗാണ് ഈ സീസണ്‍ മുതല്‍ വരുന്നത്. ഇതിന്റെ ഗുണം കളിക്കാര്‍ക്കും ഇന്ത്യന്‍ ഫുട്‌ബോളിനും ലഭിക്കും.

കഴിഞ്ഞയാഴ്ച്ചയാണ് ഐഎസ്എല്‍ ഫിക്‌സ്ചര്‍ പ്രസിദ്ധീകരിച്ചത്. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് പുതിയ സീസണില്‍ മല്‍സരങ്ങളുള്ളത്. ഇതില്‍ ഞായറാഴ്ച്ചകളില്‍ ഡബിള്‍ ഹെഡ്ഡറുകളുമായിരിക്കും. ഇടദിവസങ്ങളില്‍ കളികള്‍ വച്ചാല്‍ റേറ്റിംഗ് കുറയുന്നതും സ്റ്റേഡിയത്തിലേക്ക് ആളുകള്‍ വരാന്‍ വൈമനസ്യം കാണിക്കുന്നതുമാണ് ഇത്തരത്തിലൊരു നീക്കത്തിന് സംഘാടകരെ പ്രേരിപ്പിച്ചത്.

വാരാന്ത്യങ്ങളില്‍ കൂടുതല്‍ മല്‍സരങ്ങള്‍ വയ്ക്കുന്നത് ആരാധകര്‍ക്കും ടീമിനും ഗുണമാണ്. കാണികള്‍ക്ക് സൗകര്യപ്രദമായ ദിവസത്തിലും സമയത്തിലും കളി വയ്ക്കുന്നതാണ് ഉചിതം. അതുപോലെ കളിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം കിട്ടാനും പുതിയ നീക്കം വഴിയൊരുക്കും. മുമ്പ് ഒരാഴ്ച്ച മൂന്നു മല്‍സരങ്ങളൊക്കെ ചിലപ്പോള്‍ ടീമിന് കളിക്കേണ്ടി വന്നിരുന്നു.

പുതിയ ഫിക്‌സചറില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ ടീമുകള്‍ക്ക് കളത്തിലിറങ്ങിയാല്‍ മതിയാകും. കളിക്കാരുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും നീക്കം ഉപകാരമാകുമെന്ന് വിജയേട്ടന്‍ വ്യക്തമാക്കുന്നു. 21 ആഴ്ച്ചകള്‍ കൊണ്ടാണ് ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ 20 മല്‍സരങ്ങള്‍ കളിച്ചു തീര്‍ക്കേണ്ടത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ പുതിയ പാതകളിലേക്ക് കടക്കുകയാണന്ന് വിജയന്‍ പറയുന്നു. മൂന്നും നാലും മാസ സീസണില്‍ നിന്ന് ഇത്തവണ ഒന്‍പത് മാസക്കാലവും ഫുട്‌ബോളെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഡ്യൂറന്റ് കപ്പും സൂപ്പര്‍ കപ്പും കൂടി കളിക്കുന്നതോടെ ക്ലബുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നും ഇതിഹാസതാരം പറയുന്നു.

ഇപ്പോള്‍ മക്കളെ ഫുട്‌ബോള്‍ കോച്ചിംഗിനും കളിക്കും അയയ്ക്കാന്‍ മാതാപിതാക്കള്‍ മടിക്കാറില്ല. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ആ മാറ്റം അത്ര ചെറിയ കാര്യമല്ല. ഒരു കരിയറായി ഫുട്‌ബോളിനെ സമീപിക്കാമെന്ന അവസ്ഥ വന്നത് നല്ല കാര്യമാണെന്നും വിജയേട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഐഎസ്എല്‍ ഉദ്ഘാടന മല്‍സരം.

Related Articles

Back to top button