FootballTop Stories

അന്ന് ഇന്ത്യയുടെ വേട്ടമൃഗം; ഇന്ന് വിയറ്റ്‌നാം ഫുട്‌ബോള്‍ വേറെ ലെവല്‍!!

ഇന്ത്യ മറ്റൊരു രാജ്യാന്തര സൗഹൃദ ഫുട്‌ബോളിനായി ഒരുങ്ങുകയാണ്. സിംഗപ്പൂരും വിയറ്റ്‌നാമും ആണ് ഇത്തവണത്തെ എതിരാളികള്‍. മുമ്പ് ഇന്ത്യയെക്കാള്‍ ഏറെ പിന്നിലായിരുന്ന വിയറ്റ്‌നാം ഇപ്പോള്‍ ഫുട്‌ബോളില്‍ അത്ഭുതങ്ങള്‍ നടത്തി മുന്നേറുകയാണ്. വിയറ്റ്‌നാമിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയുടെ കാരണങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം.

പത്തൊമ്പതു വര്‍ഷം മുമ്പാണ് എല്‍ജി കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ഇന്ത്യ വിയറ്റ്നാമിനെ തോല്പിച്ച് ജേതാക്കളായത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്‍ ആയിരുന്നു ഇന്ത്യന്‍ കോച്ച്. അന്ന് വിയറ്റ്നാമിനെക്കാളും ശക്തമായിരുന്നു ഇന്ത്യ. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ രണ്ടു ടീമുകള്‍ എവിടെയെത്തി നില്ക്കുന്നുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അന്ന് ദുര്‍ബലരായിരുന്ന വിയറ്റ്നാം ഇന്ന് ഫിഫ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. അവര്‍ 97-ാം സ്ഥാനത്തും ഇന്ത്യ 104 ലും എത്തിനില്ക്കുന്നു.

റാങ്കിംഗിന്റെ കഥ നമ്മുക്ക് മറക്കാം. ഇത്തവണത്തെ ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ വിയറ്റ്നാം നടത്തിയ കുതിപ്പും അവര്‍ ഫുട്ബോളില്‍ വരുത്തിയ മാറ്റങ്ങളും ഒന്നുനോക്കാം. ഖത്തറിലേക്കുള്ള യോഗ്യതയ്ക്കായി ഏഷ്യന്‍ മേഖലയില്‍ ഗ്രൂപ്പ് ജിയില്‍ ആയിരുന്നു വിയറ്റ്നാമിന്റെ സ്ഥാനം.

ശക്തരായ യുഎഇയും മലേഷ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ എട്ടില്‍ അഞ്ചിലും ജയിച്ചാണ് വിയറ്റ്നാം കരുത്തുകാട്ടിയത്. ഒന്നാംസ്ഥാനത്തുള്ള യുഎഇയെക്കാള്‍ വെറും ഒരുപോയിന്റ് മാത്രം കുറവ്. അവസാന മത്സരത്തില്‍ 3-2ന് യുഎഇയുമായി തോറ്റില്ലായിരുന്നെങ്കില്‍ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായേനെ.

മറുവശത്ത് മുടന്തി നീങ്ങിയ ഇന്ത്യയുടെ അവസ്ഥ നമ്മള്‍ കണ്ടതാണ്. നിലവില്‍ ഏഷ്യയില്‍ പതിമൂന്നാം സ്ഥാനത്താണ് വിയറ്റ്നാം. ഇന്ത്യ പത്തൊമ്പതിലും. എങ്ങനെയാണ് 19 വര്‍ഷം മുമ്പു ഇന്ത്യയെക്കാള്‍ ദുര്‍ബലരായിരുന്ന വിയറ്റ്നാം ഇപ്പോള്‍ ഏഷ്യയിലെ എണ്ണംപറഞ്ഞ ടീമുകളിലൊന്നായി മാറിയത്?

2010 ന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് സ്ഥിരം തോല്‍വികള്‍ വാങ്ങിയിരുന്ന ടീം എങ്ങനെ ഏഷ്യയിലെ കരുത്തരുടെ പട്ടികയിലേക്ക് മാറി? വിയറ്റ്നാം ഫുട്ബോള്‍ അധികൃതരുടെ ദീര്‍ഘവീക്ഷണവും കൃത്യതയാര്‍ന്ന നീക്കങ്ങളുമാണ് അവര്‍ക്ക് തുണയായത്.

യുവാക്കളില്‍ നിക്ഷേപിക്കൂവെന്ന നയമാണ് വിയറ്റ്നാം ഫുട്ബോളിനെ പുതിയ തലങ്ങളിലേക്ക് എത്തിച്ചത്. വിയറ്റ്നാമിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ദീര്‍ഘദൃഷ്ടി പാര്‍ക്ക് ഹാംഗ് സിയോ എന്ന ദക്ഷിണകൊറിയന്‍ കോച്ചിന്റേതാണ്. കൊറിയയ്ക്കായി കളിച്ചിട്ടുള്ള ഈ മിഡ്ഫീല്‍ഡര്‍ 2017 ലാണ് വിയറ്റ്നാം അണ്ടര്‍ 23 ടീമിന്റെ പരിശീലകനായി എത്തുന്നത്. അവിടെ നിന്നു തുടങ്ങുന്നു വിയറ്റ്നാം വീര്യത്തിന്റെ ചരിത്രം.

പാര്‍ക്ക് സിയോയുടെ കീഴില്‍ വിയറ്റ്നാം തുടര്‍ച്ചയായി യൂത്ത് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ തുടങ്ങി. മറുവശത്ത് ഇന്ത്യയാകട്ടെ കൃത്യമായ ലക്ഷ്യമൊന്നുമില്ലാതെ മുടന്തിക്കൊണ്ടിരുന്നു. 2016 ല്‍ എഎഫ്സി അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി വിയറ്റ്നാം ഏവരെയും ഞെട്ടിച്ചു. അങ്ങനെ 2017 അണ്ടര്‍ 20 ലോകകപ്പിന് ആദ്യമായി യോഗ്യത നേടുകയും ചെയ്തു.

2018ല്‍ എഎഫ്സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എക്സ്ട്ര ടൈം വരെ കളിച്ചാണ് ഉസ്ബെക്കിസ്ഥാനോട് തോറ്റത്. 2019ല്‍ ഏഷ്യാകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ വിയറ്റ്നാം ദേശീയ ടീമിലേറെയും യൂത്ത് സിസ്റ്റത്തിലൂടെ എത്തിയ കളിക്കാരായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ ഇപ്പോഴും സുനില്‍ ഛേത്രിയെന്ന ഇതിഹാസ താരത്തെ അമിതമായി ആശ്രയിച്ച് മുന്നേറുന്നു.

ഛേത്രിക്ക് ഒരു പകരക്കാരനെ കണ്ടെത്താന്‍ പോലും കഴിയുന്നില്ല. വിയറ്റ്നാം തുടര്‍ച്ചയായി യൂത്ത് ടീമുകള്‍ക്ക് മത്സരങ്ങള്‍ ഒരുക്കി നല്കുന്നു. നമ്മുടെ ഫുട്ബോള്‍ അധികൃതരാകട്ടെ കഴിഞ്ഞ രണ്ടുവര്‍ഷമായി അണ്ടര്‍ 23 ടീമിനായി ഒരു മത്സരം പോലും സംഘടിപ്പിച്ചിട്ടില്ല. വിവിധ പ്രായ ഗ്രൂപ്പിലുള്ള കളിക്കാരെ വളര്‍ത്താന്‍ കൃത്യമായ ആസൂത്രണം നടത്തിയ വിയറ്റ്നാം ഇന്നതിന്റെ ഫലം കൊയ്യുന്നു. നമ്മളാകട്ടെ പഴയ പ്രതാപകാലത്തെ കഥകള്‍ പറഞ്ഞ് രോമാഞ്ചമണിയുന്നു. അടുത്ത ദിവസം വിയറ്റ്‌നാമുമായി ഇന്ത്യ ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം അവര്‍ക്ക് തന്നെയാകും.

Related Articles

Back to top button