CricketTop Stories

തന്ത്രം പൊളിച്ചടുക്കി, ബാബര്‍ അസം മനസില്‍ കണ്ടത് ഇന്ത്യ മരത്തില്‍ കണ്ടു!!

സൂപ്പര്‍ ഫോറിലെ ഹൈ വോള്‍ട്ടേജ് മല്‍സരത്തില്‍ പാക്കിസ്ഥാനെ കുഴപ്പിച്ചത് ഇന്ത്യയുടെ സമീപനം തന്നെ. പതിയെ തുടങ്ങി വെടിക്കെട്ടിലൂടെ ഇന്ത്യ അവസാനിപ്പിക്കുമെന്നായിരുന്നു പാക് ക്യാപ്റ്റന്‍ ബാബര്‍ അസം പ്രതീക്ഷിച്ചിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും തുടക്കത്തില്‍ വിക്കറ്റ് കളയാതെ കളിക്കാനാണ് ഇന്ത്യന്‍ മുന്‍നിര ശ്രമിച്ചത്. എന്നാല്‍ തന്ത്രം പാടേ മാറ്റിയാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ സൂപ്പര്‍ ഫോറിലിറങ്ങിയത്.

പാക് പേസര്‍മാരെ കടന്നാക്രമിക്കുകയെന്ന ദ്രാവിഡിന്റെ പോളിസി ഓപ്പണര്‍മാര്‍ മുതല്‍ ക്രീസിലെത്തിയപ്പോള്‍ മുതല്‍ നടപ്പിലാക്കി. പൊതുവേ ക്രീസില്‍ സെറ്റാകാന്‍ കുറച്ച് സമയം വേണ്ടിയിരുന്ന കെഎല്‍ രാഹുല്‍ പോലും കാര്യമായ ഡിഫന്‍സിവ് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. രോഹിത് ശര്‍മയും രാഹുലും അടുത്തടുത്ത് പുറത്തായപ്പോള്‍ പോലും റണ്‍നിരക്ക് കുറയാതിരിക്കാന്‍ ക്രീസിലുള്ളവര്‍ ശ്രദ്ധിച്ചു. ട്വന്റി-20 യെന്നത് ‘മൊമന്റം’ കളിയാണെന്നത് ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ്.

പാക് പേസര്‍മാര്‍ക്ക് ആവശ്യത്തിന് ബഹുമാനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നല്കുമെന്നായിരുന്നു പാക് പ്രതീക്ഷ. ഇതിനു നേരെ വിപരീതമായി സംഭവിച്ചപ്പോള്‍ പെട്ടെന്ന് തന്ത്രത്തില്‍ മാറ്റം വരുത്താന്‍ പാക്കിസ്ഥാന് സാധിക്കാതെ വരുകയും ചെയ്തു. ഫോമില്‍ അല്ലെങ്കിലും വിരാട് കോഹ്‌ലി പോലും അറ്റാക്ക് ചെയ്ത് കളിക്കാനാണ് ശ്രമിച്ചത്.

കൃത്യമായ ഗൃഹപാഠത്തോടെയാണ് ഇന്ത്യ ഈ മല്‍സരത്തിന് ഇറങ്ങിയതെന്ന് തുടക്കം മുതലുള്ള ബാറ്റിംഗ് അപ്രാച്ച് വെളിപ്പെടുത്തുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ടപ്പോള്‍ ഇന്ത്യയെ ഏറെ വെള്ളംകുടിപ്പിച്ച നസീം ഷായെ ആദ്യ സ്‌പെല്ലില്‍ നിലയുറപ്പിക്കാന്‍ പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അനുവദിച്ചില്ല. രണ്ടാം സ്‌പെല്ലില്‍ വന്നപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി.

പതിമൂന്നാം ഓവറില്‍ തന്റെ രണ്ടാം സ്‌പെല്ലിന് എത്തിയ നസീമിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തിയാണ് വിരാട് തുടങ്ങിയത്. ഒരു ബൗളര്‍ക്കു പോലും ബാറ്റ്‌സ്മാന്റെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ടീം ഇന്ത്യ അനുവദിച്ചില്ല. ക്രീസിലെത്തിയതു മുതല്‍ അത്ര അഗ്രസീവ് അല്ലാതെ ബാറ്റുവീശിയത് റിഷാഭ് പന്ത് മാത്രമായിരുന്നു. ആദ്യ 7 പന്തില്‍ നിന്ന് 4 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. കടന്നാക്രമിക്കുകയെന്ന തന്ത്രത്തില്‍ പിഴച്ച പന്തിന് കാര്യമായ ഇംപാക്ട് കളിയിലുണ്ടാക്കാനും സാധിച്ചില്ല.

Related Articles

Back to top button