FootballTop Stories

ഷാജി പ്രഭാകരന്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ എന്തു മാറ്റം കൊണ്ടുവരും?

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയ മാസം കഥകളി കണ്ടിരുന്ന ആസ്വാദകന്റെ പോലെയാണ്. ഒാരോ മിനിറ്റിലും നവരസങ്ങള്‍ മാറി മാറി വിരിയുന്ന ആട്ടക്കാരുടെ മുഖങ്ങള്‍ പോലെയായിരുന്നു അവസ്ഥ. നല്ലതും മോശവും സങ്കടവും സന്തോഷവും ആശങ്കയുമെല്ലാം മാറിമാറി വന്ന ദിനങ്ങള്‍. ഒടുവില്‍ ഏറെ കാത്തിരുന്ന എഐഎഫ്എഫ് തെരഞ്ഞെടുപ്പും പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കലും കഴിഞ്ഞു.

ഏറ്റവും സന്തോഷം പകരുന്ന കാര്യമെന്തെന്നാല്‍ ഫെഡറേഷന്റെ തലപ്പത്ത് വന്നവരിലേറെയും കളിക്കളവുമായി നേരിട്ട് ബന്ധമുള്ളവരാണെന്നതാണ്. പ്രസിഡന്റായി വന്ന കല്യാണ്‍ ചൗബെ മുമ്പ് ഇന്ത്യയ്ക്കായി കളിച്ച ഗോള്‍കീപ്പറാണ്. ഐഎം വിജയനാണ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ പുതിയ അധ്യക്ഷന്‍. ഫെഡറേഷനിലെ ഏറ്റവും പ്രധാന റോളുകളിലൊന്നായ സെക്രട്ടറി ജനറലിന്റെ റോളിലേക്ക് എത്തുന്നതും മറ്റൊരു മലയാളിയാണ്. ഇന്ന് ഇന്ത്യയില്‍ ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേഷനില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുളള ഷാജി പ്രഭാകരന്‍ ആണ് പുതിയ സെക്രട്ടറി ജനറല്‍.

ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഫിഫ ഡവലപ്‌മെന്റ് ഓഫീസറായി ഏറെക്കാലം സേവനം ചെയ്തിട്ടുമുള്ള മലയാളിയാണ് ഷാജി പ്രഭാകരന്‍. മാവേലിക്കര സ്വദേശിയായ ഇദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദഗ്ധന്‍ കൂടിയാണ്. കുശാല്‍ ദാസെന്ന അഴിമതിക്കാരന്‍ ഉഴുതുമറിച്ച് നശിപ്പിച്ചിട്ട മണ്ണിലാണ് ഷാജി പ്രഭാകരന്‍ വിത്തിറക്കി വിളവെടുക്കേണ്ടത്.

ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരു രൂപ പോലും ഫുട്‌ബോളിനല്ലാതെ ഉപയോഗിക്കില്ലെന്ന ഉറപ്പോടെയാണ് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് അദേഹം എത്തുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി പ്രഭാകര്‍ നല്‍കിയ മറുപടികള്‍ താഴെ വായിക്കാം.

ചോദ്യം- എന്തുകൊണ്ടാണ് ഫിഫയിലെ ജോലി മതിയാക്കി എഐഎഫ്എഫിലേക്ക് വന്നത് ?

ഇവിടെത്തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമ്മള്‍ക്ക് അതിനുള്ള നോളജും എക്‌സ്പീരിയന്‍സുമുണ്ട്. ഇന്ത്യ മുന്നോട്ടു പോയി കാണണമെന്നുള്ള ഒരാഗ്രഹം. അതു നല്‍കുന്ന സംതൃപ്തി. ജോലിക്കു വേണ്ടി ജോലി ചെയ്താല്‍ നമ്മുടെ ജീവിതം നന്നായി പോകും. പക്ഷേ, കളികൊണ്ടു നമ്മുടെ ജീവിതം ഇവിടെ വരെയെത്തിയിട്ടും നമ്മള്‍ കളിക്ക് എന്തു കൊടുത്തുവെന്നു ചോദിച്ചാല്‍ ഒന്നുമില്ലാത്തായി മാറും. ആ ചിന്ത തുടക്കം മുതലുണ്ടായിരുന്നു.

ഫിഫയില്‍ കേറിയതു കൊണ്ട് ഒരുപാടു കാര്യങ്ങള്‍ അറിയാന്‍ പറ്റി. നമ്മുടെ രാജ്യത്തിനു പല സാധ്യതയുമുണ്ടെന്നു തിരിച്ചറിഞ്ഞതും ആ ഘട്ടത്തിലാണ്. ഇവിടെ വന്നു നമ്മള്‍ തന്നെ ചേഞ്ച് ചെയ്യണം. വെറുതേ വിമര്‍ശിച്ചതു കൊണ്ട് കാര്യമില്ലല്ലോ. നമ്മള്‍ക്ക് കുറവൊന്നുമില്ല. ഇല്ലാത്തതു ശരിയായ മനോഭാവവും കൃത്യമായ ആസൂത്രണവും പദ്ധതികളുമെല്ലാമാണ്. നിലവിലുള്ളതെല്ലാം ഷോര്‍ട്ട് ടേമാണ്. കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം, അതിനു സമയമെടുക്കും.

ഇന്ത്യയെ കുറിച്ചു മറ്റു ലോകരാജ്യങ്ങളുടെ അഭിപ്രായം എന്താണ്?

നമ്മുടെ മികവിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗൊക്കെ അതിനു സഹായിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക രംഗത്തു നമ്മള്‍ കൂടുതലായി നിക്ഷേപങ്ങളും ഇടപെടലുകളും നടത്തുന്നത് ആളുകള്‍ തിരിച്ചറിയുന്നു. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പൊക്കെ നമ്മള്‍ നടത്തിയത് ഇതിന് ഏറെ സഹായിച്ചു. നമ്മുടെ ആളുകള്‍ വിദേശ മത്സരങ്ങളൊക്കെ ഏറെ കാണുന്നവരാണ്. അതുകൊണ്ടൊക്കെ ഒരു പോസിറ്റീവ് ഫീലിങ്ങുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ മെച്ചപ്പെടാന്‍ എന്താണ് വേണ്ടത് ?

പല കായിക ഇനങ്ങളിലും ഒരു സ്റ്റാര്‍ പ്ലെയര്‍ നമ്മള്‍ക്കില്ല. ലോകോത്തര നിലവാരമുള്ള ഒരാള്‍ വന്നാല്‍ ഇതെല്ലാം മാറും. ഫുട്‌ബോളില്‍ നോക്കൂ. നമ്മള്‍ക്കേറ്റവും പ്രിയപ്പെട്ട താരങ്ങളെല്ലാം വിദേശരാജ്യത്തുള്ളവരാണ്. അത്തരമൊരാള്‍ വരണം. അവര്‍ വിദേശ ലീഗില്‍ കളിക്കണം. അപ്പോള്‍ നമ്മുടെ നിലവാരം ആളുകള്‍ തിരിച്ചറിയും. ഇവിടേക്ക് നിക്ഷേപമെത്തും.

ശരിയായ ദിശയിലാണ് ഇപ്പോള്‍ നമ്മുടെ സഞ്ചാരം. എന്നാല്‍ ഇതു വര്‍ധിക്കണം, കൂടുതല്‍ പദ്ധതികള്‍ വരണം. ഫെഡറേഷന്‍ മേധാവികള്‍ കൂടുതല്‍ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുകയും അതിനു സമയം കണ്ടെത്തുകയും വേണം. ആളുകളെ എംപവര്‍ ചെയ്യാനാകണം. നമ്മുടെ കുട്ടികളും വിദേശരാജ്യങ്ങളെ കുട്ടികളും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നാണ് എന്റെ വിലയിരുത്തല്‍. എന്നാല്‍ നമ്മുടെ കുട്ടികള്‍ 12-13 വയസില്‍ ഈ രംഗത്തേക്കു വന്നു കഴിയുമ്പോള്‍ ആവശ്യമായ അവസരങ്ങള്‍ കിട്ടുന്നില്ല.

Related Articles

Back to top button