CricketIPL

സഞ്ജുവിന്റെ പ്ലാനിംഗ് പക്ഷേ വേറെ ലെവല്‍; ഹൈദരാബാദിന് അടിതെറ്റിയത് ‘മൂന്നാം ഓവര്‍’ നീക്കത്തില്‍!

രാജസ്ഥാനെതിരായ ഐപിഎല്‍ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വന്‍ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച തുടക്കമായിരുന്നു സംഭവിച്ചത്. എന്നാല്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ഒരൊറ്റ തന്ത്രത്തില്‍ സണ്‍റൈസേഴ്‌സിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞു.

ഒരുഘട്ടത്തില്‍ 4 ഓവറില്‍ വെറും ഒരുവിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലായിരുന്നു കാവ്യ മാരന്റെ ടീം. റണ്‍റേറ്റ് 11 റണ്‍സിന് മുകളില്‍. ട്രെന്റ് ബോള്‍ട്ടും രവിചന്ദ്ര അശ്വിനും രണ്ടോവറില്‍ 20, 25 റണ്‍സ് വീതം വിട്ടുകൊടുത്ത് അടിവാങ്ങി നില്‍ക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ ബോള്‍ട്ടിന് മൂന്നാമതൊരു ഓവര്‍ കൂടി തുടര്‍ച്ചയായി കൊടുക്കുമെന്ന് സഞ്ജു ഫാന്‍സ് പോലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ച് അഞ്ചാം ഓവര്‍ ബോള്‍ട്ടിനെ തന്നെ ഏല്‍പ്പിച്ചു. കളിയുടെ ടേണിംഗ് പോയിന്റ് ഈ ഓവറിലായിരുന്നു.

വന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന രാഹുല്‍ ത്രിപാതി ആദ്യം വീണു. വെറും 15 പന്തില്‍ 37 റണ്‍സെടുത്ത ത്രിപാദിയുടെ മടക്കമാണ് രാജസ്ഥാനെ മല്‍സരത്തിലേക്ക് തിരികെ എത്തിച്ചത്. ആ ഓവറിലെ അവസാന പന്തില്‍ അപകടകാരിയായ എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി ബോള്‍ട്ടിന്റെ വക ഡബിള്‍ സ്‌ട്രൈക്ക്.

വന്‍ തുടക്കത്തിനു ശേഷം ഇത്തരത്തിലൊരു തിരിച്ചടി ഹൈദരാബാദ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ട്രാവിസ് ഹെഡും ഹെന്റിച്ച് ക്ലാസനും എന്താണോ ദൗത്യം അതു ചെയ്യാനുള്ള അവസരം നിഷേധിക്കാന്‍ ഈ രണ്ടു തുടര്‍വിക്കറ്റുകളിലൂടെ സഞ്ജുവിനായി.

ഹൈദരാബാദിന്റെ വീക്ക്‌നെസ് കൃത്യമായി മനസിലാക്കി ഹെഡിനെ പുറത്താക്കാന്‍ നടത്തിയ ഫീല്‍ഡിംഗ് വിന്യാസവും അതിനിര്‍ണായകമായി മാറി. ഹെഡിനെ കൊതിപ്പിച്ച് വിക്കറ്റെടുക്കുകയായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. സന്ദീപ് ശര്‍മ കൃത്യമായി പന്തെറിഞ്ഞ് തന്ത്രം വിജയത്തിലെത്തിച്ചു.

ഈ സീസണില്‍ ഉടനീളം സഞ്ജുവിന്റെ ക്യാപ്റ്റന്‍സി രാജസ്ഥാന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. പല മല്‍സരങ്ങളിലും ധോണിയെ അനുസ്മരിപ്പിക്കുംവിധം കൂളായി തീരുമാനം എടുക്കാനും പരീക്ഷണം വിജയിപ്പിക്കാനും സഞ്ജുവിന് കഴിഞ്ഞിരുന്നു.

പൊതുവേ സഞ്ജുവിന്റെ വിമര്‍ശകനായിരുന്ന സുനില്‍ ഗവാസ്‌കര്‍ പോലും ക്വാളിഫയര്‍ എത്തിയപ്പോള്‍ സഞ്ജു ഫാനായി മാറുന്നതിനും ഈ സീസണ്‍ സാക്ഷ്യംവഹിച്ചു. എന്തായാലും സഞ്ജുവിന്റെ കരിയറിലെ വലിയ സീസണായി 2024 മാറി.

Related Articles

Back to top button