ISLTop Stories

ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്‌സ് കരുതിയിരിക്കണം; അപാര ഫോമിലാണ്!

ഇത്തവണ ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ ഈസ്റ്റ് ബംഗാളാണ്. ഇമാമി ഗ്രൂപ്പ് നിക്ഷേപകരായെത്തിയ ശേഷം കൊല്‍ക്കത്തന്‍ ടീം അടിമുടി മാറിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും മലയാളി സഹപരിശീലകന്‍ ബിനോ ജോര്‍ജും അവരെ വളരെ പെട്ടെന്ന് ട്രാക്കില്‍ എത്തിച്ചിട്ടുണ്ട്.

പ്രീസീസണ്‍ മല്‍സരങ്ങളില്‍ ടീം ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഞായറാഴ്ച്ച നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് തന്നെയുള്ള ജോര്‍ജ് ടെലഗ്രാഫ് ക്ലബിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. മഹേഷ്, വി.പി സുഹൈര്‍, എലിയാന്‍ട്രോ എന്നിവര്‍ വലകുലുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ താരങ്ങള്‍ വേണ്ടത്ര മികച്ചവര്‍ ആയിരുന്നില്ലെന്നതായിരുന്നു ഇതിഹാസ ക്ലബിന്റെ പ്രശ്‌നം.

ഇത്തവണ പക്ഷേ സുഹൈറിനെ പോലെ ഒരുപിടി മികച്ച ഇന്ത്യന്‍ യുവതാരങ്ങളെ ഈസ്റ്റ് ബംഗാള്‍ റാഞ്ചിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളെ കൃത്യമായി അറിയാവുന്ന അസിസ്റ്റന്റ് കോച്ച് ബിനോ ജോര്‍ജിന്റെ സാന്നിധ്യം ആ ടീമിന് നല്‍കുന്ന ഊര്‍ജം എത്രയോ വലുതാണ്. വര്‍ഷങ്ങളോളം ഇന്ത്യയിലുണ്ടായിരുന്ന കോണ്‍സ്റ്റന്റൈന്‍ കൂടി വന്നതോടെ ടീമിന് ദിശാബോധം കൈവന്നിട്ടുണ്ട്.

നഷ്ടപ്പെടാന്‍ ഒരുപാടുള്ള എടികെയെ പോലെയാകില്ല ഒന്നും കൂസാതെ കളിക്കാന്‍ പറ്റുന്ന ഈസ്റ്റ് ബംഗാളിനോട് ബ്ലാസ്‌റ്റേഴ്‌സ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്. വലിയ പ്രതീക്ഷകളില്ലാതെ തന്നെയാണ് കൊല്‍ക്കത്തന്‍ ടീം ഇത്തവണയും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരുതി തന്നെ ഈസ്റ്റ് ബംഗാളിനെ നേരിടേണ്ടി വരും.

Related Articles

Back to top button