ISLTop Stories

ഇന്ത്യന്‍ റഫറിമാര്‍ ഇത്തവണ നിലവാരം കാക്കും! കാരണം ഒരുപാടുണ്ട്!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒരു പ്രധാന പ്രശ്‌നമാണ് റഫറിമാരുടെ നിലവാരം. കഴിഞ്ഞ സീസണുകളിലെല്ലാം റഫറിമാരുടെ മോശം തീരുമാനം പല ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചിരുന്നു. കോച്ചുമാര്‍ തന്നെ മോശം റഫറിയിംഗിനെതിരേ രംഗത്തുവന്നത് പലകുറി നാം കണ്ടതാണ്. എന്തായാലും വരുന്ന സീസണില്‍ റഫറിമാരുടെ പ്രകടനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീമുകളും.

കഴിഞ്ഞ സീസണ്‍ അവസാനിച്ചതു മുതല്‍ ഇന്ത്യന്‍ റഫറിമാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ സംഘാടകര്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്. റഫറിമാര്‍ക്ക് ക്ലസുകള്‍ക്കായി വിദേശ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് വിവിധ റഫറിയിംഗ് ക്ലിനിക്കുകള്‍ സംഘാടകര്‍ കഴിഞ്ഞ മാസങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. റഫറിമാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ പ്രത്യേക കോച്ചിംഗ് തന്നെ അവര്‍ക്ക് നല്കുന്നുണ്ട്.

ലീഗിന്റെ സുഗമമായ ഒഴുക്കിന് പലപ്പോഴും റഫറിമാരുടെ മോശം തീരുമാനം വഴിയൊരുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംഘാടകര്‍ ഇത്തരത്തില്‍ ക്ലാസുകള്‍ നല്കുന്നത്. വിദേശ റഫറിമാരെ അടുത്ത സീസണില്‍ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സാമ്പത്തികവും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും ഇത്തരമൊരു ആവശ്യത്തിന് എതിരാകുന്നു.

വിദേശ റഫറിമാര്‍ക്ക് ഇന്ത്യക്കാര്‍ക്ക് നല്കുന്നതിനേക്കാള്‍ അനേകമടങ്ങ് പ്രതിഫലവും നല്കേണ്ടതായി വരുന്നു. ഐഎസ്എല്‍ ഇപ്പോഴും കൗമാരത്തില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യത്തില്‍ പൂര്‍ണമായും വിദേശ റഫറിമാരെ ആശ്രയിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ ദീര്‍ഘകാലം വിദേശ റഫറിമാരെ ആശ്രയിക്കുന്നതിലും നല്ലത് ഇന്ത്യന്‍ റഫറിമാരെ ആ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് തന്നെയാണ്.

ഇത്തവണ കൂടുതല്‍ മുന്നൊരുക്കങ്ങളോടെ റഫറിമാരെ അണിനിരത്താന്‍ സംഘാടകര്‍ക്ക് സാധിക്കുമെന്ന് ഉറപ്പാണ്. കൂടുതല്‍ ക്ലാസുകളും ട്രെയിനിംഗുകളും റഫറിമാര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അവസാനിച്ച ഡ്യൂറന്റ് കപ്പില്‍ റഫറിമാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുവെന്നത് ശുഭകരമായ കാര്യമാണ്. ഇത്തവണ കളിയുടെ ഒഴുക്കിന് ഭംഗം വരാതെ കളി നിയന്ത്രിക്കാന്‍ റഫറിമാര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button