ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാനുണ്ടായ കാരണം വെളിപ്പെടുത്തി ഗ്രീക്ക് ഗോള്‍ മെഷീന്‍!

ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശതാരം ആയിരിക്കുകയാണ്. സ്‌ട്രൈക്കറായ ഈ 29 കാരന്‍ വലിയ ഓഫറുകള്‍ വേണ്ടെന്നു വച്ചാണ് മഞ്ഞപ്പടയില്‍ ചേര്‍ന്നത്. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പ്ളിറ്റില്‍നിന്നാണ് മുന്നേറ്റ താരം കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.

താന്‍ എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഓഫര്‍ സ്വീകരിച്ചതെന്ന് താരം തന്നെ പറയുന്നു-എന്റെ കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതില്‍ ഞാന്‍ അതിയായ ആവേശത്തിലാണ്. ഇതൊരു വലിയ വെല്ലുവിളിയാണ് എനിക്ക്. ഞാന്‍ ക്ലബ്ബിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇവിടുത്തെ അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഞാന്‍ എല്ലാം ചെയ്യും-ദിമിത്രിയോസ് പറഞ്ഞു.

കോച്ച് ഇവാന്‍ വുക്കുമനോവിച്ചും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസും ആദ്യം ക്ലബിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ താന്‍ യെസ് പറഞ്ഞെന്നും ദിമിത്രിയോസ് വ്യക്തമാക്കി. അത്രത്തോളം ഈ ക്ലബ് തന്നെ പ്രചോദിപ്പിക്കുന്നുവെന്ന് താരം പറയുന്നു.

ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ഈ സ്ട്രൈക്കറുടെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2009ല്‍ ഒളിന്പിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാന്‍പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയര്‍ ടീമുമായി കരാര്‍ നല്‍കി.

2012 നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒളിന്പിയാകോസില്‍ തിരിച്ചെത്തുന്നതിന് മുന്പായി 49 മത്സരങ്ങളില്‍ 14 ഗോളും നേടി. ഒളിന്പിയാകോസില്‍ 17 കളിയില്‍ നാല് ഗോളും നേടി.

അദ്ദേഹത്തിന്റെ കരിയറിലെ പുതിയതും നീണ്ടതുമായ ഒരു അധ്യായം 2015 ലാണ് സംഭവിച്ചത്. ജര്‍മന്‍ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് കാള്‍ഷ്രുഹെര്‍ എസ്സിയില്‍ ഡയമാന്റകോസ് വായ്പാടിസ്ഥാനത്തിലെത്തി. തുടര്‍ന്നുള്ള സമ്മറില്‍ ജര്‍മന്‍ ക്ലബ്ബുമായി സ്ഥിരം കരാറിലുമെത്തി. ജര്‍മനിയില്‍ ആറ് വര്‍ഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വിഎഫ്എല്‍ ബോചും, എഫ്സി സെന്റ് പോളി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങളില്‍നിന്ന് 34 ഗോളും എട്ട് അവസരമൊരുക്കലുകളും അദ്ദേഹം നടത്തി.

2020 ജൂലൈയില്‍ ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് ഹയ്ദുക് സ്പ്ളിറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പിട്ടു. 30ല്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങുകയും ചെയ്തു. ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിന് മുന്പ് ഇസ്രയേലി ക്ലബ്ബ് എഫ്സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button