CricketTop Stories

ലോകകപ്പ് കഴിഞ്ഞാല്‍ സഞ്ജു ഇന്ത്യന്‍ നായകന്‍? ധോണി സ്‌റ്റൈല്‍ ക്യാപ്റ്റന്‍സിക്ക് കൈയടി!!

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഒരുപക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിലെ സമകാലിക ഘടനകളെ പൊളിച്ചെഴുതുന്നതാകും. കാരണം, ലോകകപ്പിന് ശേഷം വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ടീം ഇന്ത്യയില്‍ സംഭവിച്ചേക്കാം. അതിലേറ്റവും പ്രധാനം ഒരുപക്ഷേ രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ പടിയിറക്കം തന്നെയാകും. ഇപ്പോഴത്തെ അവസ്ഥ വച്ച് ലോകകപ്പില്‍ ഇന്ത്യയില്‍ നിന്നൊരു വന്‍കുതിപ്പ് പ്രതീക്ഷിക്കുക അസാധ്യമാണ്.

ലോകകപ്പിന് ശേഷം സംഭവിക്കാവുന്ന ഏറ്റവും സാധ്യമായ ഒരു കാര്യം രോഹിതില്‍ നിന്ന് ഏതെങ്കിലുമൊരു യുവതാരത്തിലേക്ക് ക്യാപ്റ്റന്‍സി മാറ്റപ്പെടുകയെന്നതാകും. ഏവരും പ്രതീക്ഷിക്കപ്പെടുന്നത് ഹര്‍ദിക് പാണ്ഡ്യ അടുത്ത ക്യാപ്റ്റന്‍ ആകുമെന്നാണ്. എന്നാല്‍ അടിക്കടി പരിക്കുമൂലം പുറത്തിരിക്കേണ്ടി വരുന്ന താരമാണ് പാണ്ഡ്യ. ഇവിടെയാണ് സഞ്ജു വി. സാംസണ്‍ എന്ന മലയാളി താരത്തിന്റെ പ്രസക്തി.

ഐപിഎല്ലില്‍ ഉള്‍പ്പെടെ ടീമിനെ നയിച്ച പരിചയസമ്പത്തുള്ള ഒരു താരം സഞ്ജുവാണ്. കെ.എല്‍ രാഹുലും ശ്രേയസും പന്തുമൊക്കെ ടീമിലുണ്ടെങ്കിലും ഇവരുടെയൊന്നും ക്യാപ്റ്റന്‍സി സഞ്ജുവിന്റെ അടുത്തു പോലും വരില്ല. ഇത്തവണ ഐപിഎല്ലില്‍ സഞ്ജുവിന്റെ നായക മികവ് വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യ എ ടീമിന്റെ നായകനാക്കി സഞ്ജുവിനെ അവരോധിച്ചതിന് കാരണം താരത്തിന്റെ മികവ് അളക്കുക തന്നെയാണ്.

സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സി രീതികളുമായിട്ടാണ് സഞ്ജുവിനെ താരതമ്യം ചെയ്യുന്നത്. ഐപിഎല്ലില്‍ ശരാശരി ടീമിനെ വച്ച് ഫൈനല്‍ വരെയെത്താന്‍ രാജസ്ഥാനെ സഹായിച്ചത് സഞ്ജുവിന്റെ മികവാണ്. ഇതേ മികവ് ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലും കണ്ടു. പേസര്‍മാരെ വച്ച് താരം ഉണ്ടാക്കിയെടുത്ത റിസല്‍ട്ട് എതിരാളികളെ പോലും ഞെട്ടിച്ചു.

സ്പിന്നര്‍മാരെ രംഗത്തിറക്കി തങ്ങളെ തകര്‍ക്കുമെന്ന് കിവികള്‍ പ്രതീക്ഷിച്ചിടത്താണ് സഞ്ജു പേസര്‍മാരായ ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെ അഴിച്ചുവിട്ടത്. 15 ഓവറുകള്‍ക്കു ശേഷം സാധാരണയായി സ്പിന്നര്‍മാരാകും ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. എന്നാല്‍ കിവികള്‍ പ്രതീക്ഷിച്ച സ്പിന്നര്‍മാര്‍ക്ക് പകരം നിരന്തര പേസാക്രമണമായിരുന്നു സഞ്ജു മനസില്‍ കണ്ടത്.

ഈ തന്ത്രത്തിന് ഫലം ഉണ്ടാകുകയും ചെയ്തു. പേസര്‍മാര്‍ പന്തുകൊടുത്ത് പരമാവധി ഫീല്‍ഡര്‍മാരെ 30 വാരയ്ക്കുള്ളില്‍ വിന്യസിച്ചതിന് ഫലം കിട്ടി. സിംഗിളുകള്‍ പോലും എടുക്കാന്‍ കിവി ബാറ്റ്‌സ്മാന്മാര്‍ ബുദ്ധിമുട്ടി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റുകളും നിലംപൊത്തി. ധോണിയുടെ ഫീല്‍ഡിംഗ് സമീപനങ്ങളുമായി സാമ്യമുള്ളതാണ് സഞ്ജുവിന്റെ ഫീല്‍ഡിംഗ് വിന്യാസങ്ങളും.

ബാറ്റ്‌സ്ന്മാരെ കടന്നാക്രമിച്ച് വിക്കറ്റ് വീഴ്ത്തുന്നതാണ് ധോണിയുടെ രീതി. സഞ്ജുവും ഇത്തരത്തില്‍ ആക്രമണ ക്രിക്കറ്റ് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഫീല്‍ഡില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അതു ശരിവയ്ക്കുന്നു. ഒരിക്കലും ബൗളര്‍മാരെ കുറ്റപ്പെടുത്താതെ അവരെ പിന്തുണയ്ക്കുന്നതാണ് സഞ്ജുവിന്റെ രീതി. സഹതാരങ്ങള്‍ അതു ഇഷ്ടപ്പെടുകയും ചെയ്യുന്നു. മറുവശത്ത് ബൗളര്‍മാരുടെ ആത്മവിശ്വാസം കെടുത്തുന്ന സമീപനമാണ് ചിലപ്പോഴെങ്കിലും രോഹിത് ശര്‍മയില്‍ നിന്നുണ്ടാകുന്നത്. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സഞ്ജു ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍ ആയാലും അത്ഭുതപ്പെടാനില്ല.

Related Articles

Back to top button