ISLTop Stories

ആര്‍മി ഗ്രീനിനെ ചുരുട്ടിക്കെട്ടി ബ്ലാസ്റ്റേഴ്‌സ് കുട്ടികള്‍ മുന്നോട്ട് !!

ഡ്യൂറന്റ് കപ്പില്‍ നിര്‍ണായക മല്‍സരത്തില്‍ ജയിച്ചു കയറി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടറില്‍. ആര്‍മി ഗ്രീനിനെ 2-0 ത്തിന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ യുവനിര അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒഡീഷ് എഫ്‌സിയാണ് ഈ ഗ്രൂപ്പിലെ ചാമ്പ്യന്മാര്‍. മുഹമ്മദ് ഐമെന്‍ (25), അരിത്ര ദാസ് (45+3) എന്നിവരാണ് മഞ്ഞപ്പടയ്ക്കായി ആര്‍മി പോസ്റ്റില്‍ നിറയൊഴിച്ചത്.

തുടക്കം മുതല്‍ ഗംീഭരമായി കളിച്ചു കയറാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കുട്ടികള്‍ക്ക് സാധിച്ചു. ഐമെന്‍ നടത്തിയ മുന്നേറ്റങ്ങള്‍ പലപ്പോഴും ആര്‍മിക്കാരുടെ നെഞ്ചില്‍ തീ കോരിയിട്ടെന്ന് പറയുന്നതാകും ശരി. പ്രതീക്ഷിച്ചതു പോലെ കളി തുടങ്ങി 25 മിനിറ്റായപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് വലകുലുക്കി. ഐമെന്‍ വകയായിരുന്നു ആദ്യ ഗോള്‍. ഇടയ്ക്ക് ആര്‍മി ടീം ചില മുന്നേറ്റങ്ങളൊക്കെ നടത്തിയെങ്കിലും സച്ചിന്‍ സുരേഷ് വലയ്ക്കു മുന്നില്‍ പാറപോലെ ഉറച്ചു നിന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് രണ്ടാംഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്നത്. ദാസിന്റെ ഗോളോടെ ആര്‍മി ഗ്രീന്‍ ബാക്ക് ഫുട്ടിലായെന്ന് പറയുന്നതാകും ശരി. പിന്നീടുള്ള അവരുടെ നീക്കങ്ങളില്‍ നിരാശ നിഴലിക്കുകയും ചെയ്തു.

രണ്ടാംപകുതിയില്‍ എഴുപതിരണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചതാണ്. എന്നാല്‍ ഐമെന്‍ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടുപിന്നാലെ ആര്‍മിയുടെ ഒരു മുന്നേറ്റം. മുന്നോട്ടു പറന്നു വന്ന സച്ചിന്‍ സുരേഷ് കഷ്ടപ്പെട്ട് പന്ത് അടിച്ചകറ്റി.

അനുഭവ സമ്പത്തിലും കരുത്തിലും തങ്ങളേക്കാള്‍ മുന്നിലുള്ള ആര്‍മി ടീമിനെതിരേ കൂസാതെയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് യുവനിര നടത്തിയത്. ഐമനും അജ്‌സലുമൊക്കെ ആര്‍ത്തലച്ചു മുന്നോട്ടു പാഞ്ഞപ്പോള്‍ ആര്‍മി പ്രതിരോധം പലപ്പോഴും താളംതെറ്റി.

യുവനിരയ്ക്ക് കൂടുതല്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാംനിര ടീമിനെ ബ്ലാസ്‌റ്റേഴ്‌സ് ഡ്യൂറന്റ് കപ്പിന് അയച്ചത്. ടീം മാനേജ്‌മെന്റിന്റെ പദ്ധതികള്‍ കൃത്യമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ മല്‍സരഫലം.

ആര്‍മി ഗ്രീനിന് ഇനി ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. ഒഡീഷയെ ആണ് അവര്‍ നേരിടേണ്ടത്. കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റതുകൊണ്ട് ഒഡീഷയോട് വിജയിച്ചാലും അവര്‍ക്ക് ക്വാര്‍ട്ടറില്‍ എത്താനാകില്ല. ഹെഡ് ടു ഹെഡ് ആണ് നോക്കുന്നത്. ഇതില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചതാണ് മഞ്ഞപ്പടയ്ക്ക് ഗുണം ചെയ്ത്.

Related Articles

Leave a Reply

Back to top button