ISLTop Stories

എല്ലാവരും വന്നിട്ടും ലൂണ വരാത്തതിന് കാരണമുണ്ട്; ആശങ്ക വേണ്ടാ!!

ഐഎസ്എല്ലില്‍ പുതിയ സീസണ്‍ തുടങ്ങാന്‍ ഒരു മാസത്തോളം മാത്രം ബാക്കിനില്‍ക്കേ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല. മറ്റ് ടീമുകളൊക്കെ വിദേശ താരങ്ങളുമായി പരിശീലനം തുടങ്ങിയിട്ടും ലൂണ വരാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലൂണ ടീം വിടുമോയെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് സത്യം.

കുടുംബ ജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് ലൂണയുടെ മടങ്ങി വരവിന് താമസം വരുത്തുന്നത്. അടുത്തിടെയാണ് ലൂണയുടെ കുട്ടി അപൂര്‍വ രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ നിന്ന് താരം മുക്തനായി വരുന്നതേയുള്ളൂ. മാത്രമല്ല, മറ്റു ചില കുടുംബ പ്രശ്‌നങ്ങളും അദേഹത്തെ അലട്ടുന്നുണ്ട്. പ്രശ്‌നങ്ങളില്‍ നിന്ന് മാറി കൂടുതല്‍ കരുത്തോടെ തിരിച്ചു വരാനാണ് ലൂണ ശ്രമിക്കുന്നത്.

ലൂണയുടെ സാന്നിധ്യം കുറച്ചുദിവസം കൂടി ജന്മനാട്ടില്‍ വേണ്ടതു കൊണ്ടാണ് അദേഹം വരാന്‍ വൈകിയതെന്ന് സില്ലീസ് സ്‌പോര്‍ട്‌സ് വെളിപ്പെടുത്തി. മാനസികമായി അദേഹം ചെറുതല്ലാത്ത പ്രശ്‌നങ്ങളിലൂടെയായിരുന്നു കടന്നു പോയത്. വിഷമകരമായ സമയത്ത് കുടുംബത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ ഓസ്ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയില്‍ നിന്നായിരുന്നു ലൂണ മഞ്ഞപ്പടയില്‍ എത്തിയത്. ലൂണയുടെ കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് 2024 വരെ പുതുക്കിയിരുന്നു. അരങ്ങേറ്റ സീസണില്‍ ഏഴ് ഗോള്‍ നേടുകയും ഏഴ് ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്താണ് ലൂണ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ഫ്രീ കിക്കിലൂടെ ഉള്‍പ്പെടെ ആകര്‍ഷകമായ ഗോളുകളും താരം നേടിയിരുന്നു.

ലൂണ മറ്റ് ചില ക്ലബുകളിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. അദേഹം ക്ലബ് മാനേജ്‌മെന്റിനോട് കൂടുതല്‍ വിലപേശല്‍ നടത്തുകയാണെന്ന വ്യാജ പ്രചരണവും നിലനിന്നിരുന്നു. എന്തായാലും ഇതൊന്നുമല്ല ലൂണയുടെ വരവ് വൈകിപ്പിക്കുന്നതെന്ന സത്യം അറിഞ്ഞ ആരാധകര്‍ വലിയ സന്തോഷത്തിലാണ്.

ഒക്ടോബര്‍ ഏഴിന് കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉദ്ഘാടന മല്‍സരം. ആദ്യ മല്‍സരത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഈസ്റ്റ് ബംഗാളാകും ഇത്തവണ എതിരാളികള്‍. സ്ഥിരമായി എടികെ-ബ്ലാസ്റ്റേഴ്‌സ് കണ്ടു കൊണ്ടിരുന്ന ആരാധകര്‍ക്ക് ഒരു മാറ്റത്തിനും ഇത്തവണ സാക്ഷിയാകാം.

Related Articles

Leave a Reply

Back to top button