Top Stories

ഈ രണ്ടു മത്സരങ്ങള്‍ തീരുമാനിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഷ്യന്‍ സ്വപ്നം!!

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ രണ്ടു മത്സരങ്ങളാണ് ഫെബ്രുവരിയിലുള്ളത്. അതിലൊന്ന് ഫെബ്രുവരി 19ന് നടക്കുന്ന എടികെ മോഹന്‍ ബഗാനെതിരായ പോരാട്ടമാണ്. മറ്റൊന്ന് 23ന് ഹൈദരാബാദിനെതിരേയുള്ളതും. ഈ രണ്ടു മത്സരങ്ങളുടെ പ്രാധാന്യം കൂട്ടുന്നത് പോയിന്റ് ടേബിള്‍ തന്നെയാണ്. നിലവിലെ അവസ്ഥയില്‍ ഒന്നാംസ്ഥാനക്കാരായി പ്ലേഓഫിന് യോഗ്യത നേടാന്‍ സാധ്യതയുള്ള മൂന്നു ടീമുകളാണ് ബ്ലാസ്‌റ്റേഴ്‌സ്, എടികെ, ഹൈദരാബാദ് എന്നിവര്‍. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരേ കളിക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതെന്തും ലീഗ് തല ചാമ്പ്യന്മാരാകുന്നതിനുള്ള പോരാട്ടത്തില്‍ തിരിച്ചടിയാകും.

ഈ രണ്ടു മത്സരങ്ങള്‍ ജയിക്കുകയാണെങ്കില്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാമെന്നത് മാത്രമല്ല നേട്ടം. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിനുള്ള യോഗ്യതയിലേക്ക് ഒരുപടി കൂടി അടുക്കുകയും ചെയ്യാം. ബെംഗളൂരു, ജെംഷഡ്പൂര്‍, മുംബൈ സിറ്റി ടീമുകളെല്ലാം പ്ലേഓഫ് പോരാട്ടത്തിന് മുന്നിലുണ്ടെങ്കിലും അവരെല്ലാം ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സാധ്യത തീരെ വിരളമാണ്. ബെംഗളൂരുവിന്റെ കാര്യം തന്നെയെടുക്കാം. മൂന്നാംസ്ഥാനത്താണ് അവരിപ്പോള്‍. 23 പോയിന്റും അവര്‍ക്കുണ്ട്. എന്നാല്‍ അവരുടെ 15 മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിനും എടികെയ്ക്കും അഡ്വാന്റേജുണ്ട്. ഇരുവരും 13 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കാനായാല്‍ ഇതിലൊരു ടീമിന് ലീഗ് ഘട്ടത്തിലെ ചാമ്പ്യന്മാരാകാം.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായാല്‍ അത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി തന്നെ മാറ്റിയെഴുതും. കൂടുതല്‍ വരുമാന സാധ്യത എന്നതിനപ്പുറം കളിക്കാര്‍ക്കും ടീമിനും ലഭിക്കുന്ന പരിചയസമ്പത്ത് വലിയ മുതല്‍ക്കൂട്ടാകും. അതിനൊപ്പം ഏഷ്യന്‍ ലെവലിലേക്ക് ടീമിന് ഉയരാനുമാകും. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് എഎഫ്‌സി മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്ന ടീമുകള്‍ക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. മാത്രമല്ല, കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലേര്‍പ്പെടാനും സാധിക്കും. ഇത്തവണ ഈ നേട്ടം സ്വന്തമാക്കാനായാല്‍ അതു ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ വഴിത്തിരിവാകും. ഇനി വെറും ഏഴു മത്സരങ്ങളിലെ മാത്രം നല്ല പ്രകടനം ഉണ്ടെങ്കില്‍ അത് അകലെയാകില്ല.

Related Articles

Leave a Reply

Back to top button