FootballTop Stories

താരങ്ങളെയെല്ലാം ക്യാംപിലേക്ക് വിളിച്ചു; കളിക്കാന്‍ ആളില്ലാതെ എടികെ വെട്ടിലായി!!

എടികെ മോഹന്‍ ബഗാന്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങളുടെ പേരിലാണ്. ഇപ്പോഴിതാ അപരിചിതമായ ഒരു വാര്‍ത്തയാണ് കൊല്‍ക്കത്തന്‍ വമ്പന്മാരെ ചുറ്റിപ്പറ്റി വരുന്നത്. എടികെ മോഹന്‍ ബഗാന്റെ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് പുതിയ വാര്‍ത്തയും.

ദേശീയ ടീമിന്റെ പരിശീലന ക്യാംപിലേക്ക് ഒന്‍പത് എടികെ താരങ്ങളെ വിളിച്ചതോടെയാണ് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ ആളില്ലാതെ ടീം ബുദ്ധിമുട്ടിലായത്. റിസര്‍വ് ടീം ഇല്ലാത്തതിനാല്‍ ലീഗില്‍ പങ്കെടുക്കാന്‍ ടീമിന് മറ്റ് മാര്‍ഗമില്ല.

ആകെ ടീമിലുള്ളത് 26 കളിക്കാരാണ്. ഇതില്‍ ഒന്‍പത് താരങ്ങളെയാണ് ദേശീയ ക്യാംപിലേക്ക് വിളിച്ചിരിക്കുന്നത്. ബാക്കിയുള്ളത് 17 പേരാണ്. ഇവിടെയും പ്രശ്‌നമുണ്ട്. ആകെ രണ്ട് വിദേശ താരങ്ങള്‍ക്ക് മാത്രമാണ് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ സാധിക്കുക. അങ്ങനെ നോക്കിയാല്‍ ബാക്കിയുള്ള കളിക്കാരുടെ എണ്ണം 13 ആണ്. ഇതിലും പ്രശ്‌നമുണ്ട്. ഈ 13 കളിക്കാര്‍ ബാക്കിയുള്ളതില്‍ മൂന്നു പേര്‍ ഗോള്‍കീപ്പര്‍മാര്‍ ആണ്.

ഒരു ഇലവന്‍ ഇറക്കാമെന്ന് വച്ചാല്‍ തന്നെ ഗോള്‍കീപ്പര്‍മാരെ മറ്റ് പൊസിഷനുകളില്‍ കളിപ്പിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ക്ലബ് അധികൃതര്‍ ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല.

എടികെ, ഈസ്റ്റ് ബംഗാള്‍ ക്ലബുകളെ ഉള്‍പ്പെടുത്താന്‍ വേണ്ടി സംഘാടകര്‍ ഇത്തവണ ലീഗിന്റെ ഫോര്‍മാറ്റ് പോലും മാറ്റിയിരുന്നു. സൂപ്പര്‍ സിക്‌സ് റൗണ്ട് മുതല്‍ ഈ രണ്ട് ക്ലബുകള്‍ക്കും കളിച്ചാല്‍ മതി. ഇപ്പോഴത്തെ അവസ്ഥയില്‍ അതിനുപോലും വയ്യാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. എടികെ മാനേജ്‌മെന്റിനോടു താല്പര്യം ഇല്ലാത്ത ബഗാന്‍ ആരാധകര്‍ പ്രക്ഷോഭവുമായി രംഗത്തു വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button