Cricket

അവശനായ സൂര്യകുമാര്‍ കളത്തിലിറങ്ങിയത് അഞ്ചിലേറെ കുത്തിവയ്‌പ്പെടുത്ത്; വെളിപ്പെടുത്തലുമായി സഹതാരം

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവ് കളത്തിലിറങ്ങിയത് കടുത്ത അവശതയെ വകവയ്ക്കാതെ. കടുത്ത പനിയും വയറുവേദനയും ഉണ്ടായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് കളിക്കാന്‍ ഇറങ്ങണമെന്ന് സൂര്യ നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് സഹതാരം അക്ഷര്‍ പട്ടേല്‍ വെളിപ്പെടുത്തി.

സംഭവത്തെപ്പറ്റി സൂര്യയും മല്‍സരശേഷം തുറന്നു പറഞ്ഞു. കാലാവസ്ഥയും യാത്രയുമാണ് കുഴപ്പത്തിലാക്കിയതെന്നാണ് സൂര്യകുമാറിന്റെ വിലയിരുത്തല്‍. നിര്‍ണായക മത്സരത്തില്‍ പുറത്തിരിക്കാന്‍ താന്‍ ഒരുക്കമായിരുന്നില്ല. പനിയായാലും കളിക്കാനിറങ്ങിയതും അതുകൊണ്ടുതന്നെ. അക്സര്‍ പട്ടേലിനും സമാനമായ പ്രശ്നമുണ്ടായിരുന്നു. മത്സരത്തലേന്ന് രാത്രിയായിരുന്നു അക്സറിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. നേരം വെളുത്തപ്പോഴേക്കും അക്ഷറിന് ചെറിയ ആശ്വാസം ലഭിച്ചു.

ഇത് ലോകകപ്പ് ഫൈനല്‍ ആയിരുന്നെങ്കിലോ? എനിക്ക് ഇങ്ങനെ ഇരിക്കാന്‍ കഴിയില്ല. എന്തെങ്കിലും മരുന്ന് കുത്തിവെച്ചെങ്കിലും തന്നെ കളിക്കായി ഒരുക്കുക. നിങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും താന്‍ ഡോക്ടര്‍മാരോട് പറഞ്ഞതായി സൂര്യകുമാറും വെളിപ്പെടുത്തി. ഒരിക്കല്‍ നിങ്ങള്‍ ഈ ജഴ്‌സി ധരിച്ച് മൈതാനത്തിറങ്ങിയാല്‍ വികാരം വ്യത്യസ്തമായിരിക്കുമെന്നും സൂര്യകുമാര്‍ പറഞ്ഞു.

മൂന്നാം മല്‍സരത്തില്‍ വെറും 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യയാണ് ഇന്ത്യയുടെ വിജയശില്പി. 5 സിക്‌സറുകളും 5 ഫോറും ആ ഇന്നിംഗ്‌സിന് ചാരുതയേകി. 50 റണ്‍സും സൂര്യ നേടിയത് ബൗണ്ടറിയിലൂടെയാണ്. തുടക്കത്തില്‍ ചെറുതായി പരുങ്ങിയ സൂര്യ ഫോമിലെത്തിയതോടെ തലങ്ങും വിലങ്ങും ബൗളര്‍മാരെ അടിച്ചുപരത്തി.

വെറും 29 പന്തില്‍ നിന്നാണ് സൂര്യ അര്‍ധസെഞ്ചുറി തികച്ചത്. അതും തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിട്ടായിരുന്നു സൂര്യയുടെ ബാറ്റിംഗ്. 360 ഡിഗ്രിയില്‍ ഷോട്ടുകള്‍ പറത്തിയ സൂര്യയെ ഒരിക്കല്‍പ്പോലും സമ്മര്‍ദത്തിലാക്കാന്‍ ബൗളര്‍മാര്‍ക്കായില്ല.

Related Articles

Back to top button