Cricket

ഇന്ത്യന്‍ സൂപ്പര്‍താരത്തിന് പരിക്ക്; സഞ്ജുവിന് ലോകകപ്പിലേക്ക് നറുക്കു വീഴുമോ?

ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ള സൂപ്പര്‍ താരത്തിന് പരിക്കേറ്റതോടെ മലയാളി ആരാധകര്‍ വീണ്ടും പ്രതീക്ഷയിലാണ്. സഞ്ജു സാംസണിന് ലോകകപ്പ് ടീമിലേക്ക് നറുക്കു വീഴുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദീപക് ഹൂഡയ്ക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20ക്ക് തൊട്ടു മുമ്പായിരുന്നു ഹൂഡയ്ക്ക് പരിക്കേറ്റ വിവരം ബിസിസിഐ പുറത്ത് വിട്ടത്.

ഹൂഡയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ പരിക്കില്‍ നിന്ന് മോചിതനാവാന്‍ എത്ര നാള്‍ വേണ്ടി വരുമെന്നോയുള്ള കാര്യം ഇതു വരെ വ്യക്തമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ അതുണ്ടാകുമെന്നാണ് സൂചന. ഒരു മാസത്തിലധികം ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥ വന്നാല്‍ ഹൂഡയെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പകരക്കാരെ ടീമില്‍ ഉള്‍പ്പെടുത്തും.

സ്റ്റാന്‍ഡ് ബൈ താരമായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് ടീമിലേക്ക് നറുക്ക് വീണേക്കാനും സാധ്യതയുണ്ട്. അയ്യറിന് പുറമേ മൊഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, ദീപക് ചഹര്‍ എന്നിവരാണ് ലോകകപ്പില്‍ ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. ടീമുകള്‍ക്ക് സ്റ്റാന്‍ഡ് ബൈ താരങ്ങളെ മാത്രമല്ല പരിക്കേറ്റ താരത്തിന് പകരമായി ഉള്‍പ്പെടുത്താവുന്നത്. അതുകൊണ്ട് തന്നെയാണ് സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിക്കുന്നത്.

ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കായി ചില നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള താരമാണ് ദീപക് ഹൂഡ. അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ താരം സെഞ്ചുറിയും നേടിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഹൂഡയെ ഫിനിഷറായി ഇന്ത്യ കളിപ്പിച്ചിരുന്നെങ്കിലും, അക്‌സര്‍ പട്ടേല്‍ ആ സ്ഥാനത്തേക്ക് കടന്നു വന്നതോടെ ഹൂഡ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുകയായിരുന്നു.

ഹൂഡയുടെ മോഹങ്ങള്‍ പരിക്ക് കൊണ്ടു പോയാല്‍ തീര്‍ച്ചയായും സഞ്ജുവിനെ പരിഗണിക്കണമെന്ന വികാരം മുന്‍കാല താരങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. മുന്‍നിരയിലും മധ്യനിരയിലും വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. നിലവില്‍ ന്യൂസിലന്‍ഡ് എ ടീമിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിക്കുകയാണ് മലയാളി താരം.

Related Articles

Back to top button