ISL

ആദ്യ മാച്ച് വീക്കിലെ ഗ്യാലറിക്കണക്കുകള്‍ സംഘാടകര്‍ക്ക് ആശ്വാസം; മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ്

രണ്ടു വര്‍ഷത്തിനുശേഷം കാണികള്‍ക്ക് പ്രവേശനം നല്‍കി നടത്തപ്പെട്ട ഐഎസ്എല്ലില്‍ സംഘാടകര്‍ക്ക് ആശ്വാസം നല്‍കി കണക്കുകള്‍. മാച്ച് വീക്ക് ഒന്നില്‍ ഒരു മല്‍സരത്തില്‍ ഒഴികെ മറ്റെല്ലാ കളികള്‍ക്കും 18,000 ത്തില്‍ കൂടുതല്‍ ആരാധകര്‍ സ്റ്റേഡിയത്തിലെത്തി. പൂനയില്‍ നടന്ന ഹൈദരാബാദ്-മുംബൈ മല്‍സരം മാത്രമാണ് നിരാശപ്പെടുത്തിയത്.

പൂനയില്‍ 2,200 പേരാണ് കളി കാണാന്‍ എത്തിയത്. ഹൈദരാബാദിന്റെ ഹോംഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന മല്‍സരം ഇങ്ങോട്ട് മാറ്റുകയായിരുന്നു. അതാണ് കാണികള്‍ കുറയാന്‍ കാരണം. പതിവുപോലെ ഗ്യാലറി കണക്കുകളില്‍ മുന്നിലെത്തിയത് കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ 34978 പേരായിരുന്നു കാണികളായുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്ത് എടികെ മോഹന്‍ ബഗാനും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ നടന്ന മത്സരത്തിലാണ്. 22,236 പേരാണ് ഈ മത്സരം കാണാനെത്തിയത്. ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഈസ്റ്റ് ബംഗാള്‍-എഫ്‌സി ഗോവ മത്സരം കാണാന്‍ 17,500 പേര്‍ മാത്രമാണെത്തിയത്. മഴയാണ് അന്ന് ആളുകള്‍ കുറയാന്‍ കാരണമായത്.

ജെംഷദ്പുരിന്റെ തട്ടകത്തില്‍ നടന്ന ഒഡിഷയ്‌ക്കെതിരായ മത്സരത്തിലും ബെംഗളുരുവിന്റെ തട്ടകത്തില്‍ നടന്ന നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിലും 19,000-ലേറെ കാണികള്‍ സ്റ്റേഡിയത്തിലെത്തി. വരും ആഴ്ച്ചകളില്‍ വാരാന്ത്യത്തില്‍ മാത്രമാണ് കളികള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലും കൂടുതല്‍ ആളുകള്‍ ഗ്യാലറിയില്‍ എത്തിയേക്കാം.

Related Articles

Back to top button