Cricket

ബാസിത് ഹീറോ!! കേരളത്തിന് അവിശ്വസനീയ ത്രില്ലര്‍ ജയം!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നും കേരളത്തിന് ത്രില്ലര്‍ ജയം. സഞ്ജു സാംസണും വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദീനും അടക്കം പരാജയപ്പെട്ട മല്‍സരത്തില്‍ അബ്ദുള്‍ ബാസിത് അവസാനം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവിശ്വസനീയ ജയം നേടിക്കൊടുത്തത്. ബാസിത് 15 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്നുവിക്കറ്റിനാണ് ജയം. സ്‌കോര്‍ ഹരിയാന 131, കേരളം 132

ഒരുഘട്ടത്തില്‍ ആറുവിക്കറ്റിന് 90 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ഇവിടെ നിന്നാണ് വിജയത്തിലേക്ക് കേരളം നടന്നെടുത്തത്. ആദ്യം സിജോമോന്‍ ജോസഫും (13) പിന്നീട് മനുകൃഷ്ണനും ബാസിതിന് പിന്തുണ നല്‍കി. കേരളത്തിന് തലവേദനയായത് 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത രാഹുല്‍ തെവാട്ടിയയുടെ ബൗളിംഗാണ്.

സഞ്ജു (3), സച്ചിന്‍ ബേബി (4), അസ്ഹറുദീന്‍ (13) എന്നിവര്‍ കേരള നിരയില്‍ നിരാശപ്പെടുത്തി. ഈ ജയത്തോടെ ക്വാര്‍ട്ടറിലേക്ക് കേരളം ഒരുപടി കൂടി അടുത്തു. ഇനിയുള്ള മല്‍സരങ്ങള്‍ കുറച്ചുകൂടി എളുപ്പമുള്ള എതിരാളികള്‍ക്ക് എതിരേയാണ്.

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒട്ടും ആലോചിക്കാതെ ബൗളിംഗ് തെരഞ്ഞടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഹരിയാനയെ തോല്‍പ്പിക്കേണ്ടത് കേരളത്തിന് അത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞ കളിയില്‍ വൈശാഖ് ചന്ദ്രനായിരുന്നു ന്യൂബോള്‍ നല്‍കിയതെങ്കില്‍ ഇത്തവണ അബ്ദുള്‍ ബാസിത്തിനായിരുന്നു ആ നിയോഗം.

എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് ബാസിത്ത് ഉത്തരവാദിത്വം ഭംഗിയായി നിറവേണ്ടി. അങ്കിത് കുമാറാണ് ആദ്യ പന്തില്‍ തന്നെ പുറത്തായ താരം. ആദ്യ പന്തില്‍ വിക്കറ്റ് തെറിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പിന്നെ പുറത്തു കടക്കാന്‍ ഹരിയാനയ്ക്ക് ഒരിക്കലും സാധിച്ചില്ല. മനു കൃഷ്ണനും വൈശാഖും ബേസില്‍ തമ്പിയുമെല്ലാം കോച്ച് ടിനു യോഹന്നാന്റെ നിര്‍ദേശത്തിന് അനുസരിച്ച് തന്നെ പന്തെറിഞ്ഞു.

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന രാഹുല്‍ തെവാട്ടിയയെ അവസാന ഓവറുകളിലേക്ക് കാത്തു സൂക്ഷിക്കുകയായിരുന്നു ഹരിയാന തന്ത്രം. രണ്ടുവശത്തു നിന്നും വിക്കറ്റുകള്‍ പിഴുത് കേരളം ആ തന്ത്രത്തെ ചുവടോടെ തന്നെ വെട്ടി. കെഎം ആസിഫിനെയും ബേസിലിനെയും അവസാന ഓവറുകളിലേക്ക് മാറ്റി നിര്‍ത്തിയ സഞ്ജുവിന്റെ തന്ത്രം ഫലിക്കുന്നതാണ് മൊഹാലിയില്‍ കണ്ടത്.

തട്ടിയും മുട്ടിയും സിംഗിളുകളിലൂടെ മാത്രം റണ്‍സ് കണ്ടെത്താനേ എതിരാളികളെ കേരള ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. ആദ്യ രണ്ട് കളികളിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഹരിയാനയ്ക്ക് കേരളത്തിന് മുന്നില്‍ കാര്യമായി തിളങ്ങാന്‍ പോലും സാധിച്ചില്ല.

Related Articles

Back to top button