CricketTop Stories

ട്വന്റി-20 ലോകകപ്പില്‍ മലയാളി നായകന്‍; റിസ്വാനെ തേടിയെത്തുന്നത് ചരിത്ര നിയോഗം!!

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള യുഎഇ ടീമിനെ മലയാളിയായ സി.പി റിസ്വാന്‍ നയിക്കും. ഏഷ്യാകപ്പില്‍ പുതിയ നിയോഗം തേടിയെത്തിയ റിസ്വാന്റെ ക്യാപ്റ്റന്‍സി മികവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ഏക മലയാളി കൂടിയാണ് റിസ്വാന്‍.

കോഴിക്കോട് കല്ലായി സ്വദേശി ബാസില്‍ ഹമീദും മറ്റൊരു മലയാളിയായ അലിഷാന്‍ ഷറഫുവും യുഎഇ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മറ്റൊരു മലയാളിയായ വിഷ്ണു സുകുമാരന്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട്.

2021 ല്‍ അയര്‍ലന്‍ഡിനെതിരെ 136 പന്തില്‍ 109 റണ്‍സ് നേടിയാണ് റിസ്വാന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കേരള രഞ്ജി ടീമില്‍ ലെഗ് സ്പിന്നറും ഓപണിംഗ് ബാറ്റ്‌സ്മാനുമായി. എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് റിസ്വാന്‍ യുഎഇയിലെത്തുന്നത്. സജീവമായ ആഭ്യന്തര ക്രിക്കറ്റുകളിലെ മിന്നും പ്രകടനം തന്നെയാണ് ദേശീയ ടീമില്‍ ഇടം നേടാന്‍ സഹായകരമായത്.

കഴിഞ്ഞ വര്‍ഷം അബുദബിയില്‍ അയര്‍ലെന്‍ഡിനെതിരെ നടന്ന മത്സരത്തിലെ സെഞ്ചുറി മലയാളികള്‍ക്കും അഭിമാന നിമിഷമായി. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ ഇടവേളയിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമെന്ന പകിട്ട് റിസ്വാന്‍ സ്വന്തമാക്കിയത്.

ലോകകപ്പിന് പോകും മുമ്പ് യുഎഇ സ്വന്തം നാട്ടില്‍ ശക്തരായ ബംഗ്ലാദേശിനെതിരേ രണ്ട് മല്‍സരങ്ങളുടെ പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് ഈ മല്‍സരങ്ങളെ ടീം കാണുന്നത്. സെപ്റ്റംബര്‍ 25,27 തിയതികളിലാണ് മല്‍സരം.

ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ നമീബിയ, നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് യുഎഇയുടെ സ്ഥാനം. ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം.

ലോകകപ്പിനുള്ള യുഎഇ ടീം: സിപി റിസ്വാന്‍ (ക്യാപ്റ്റന്‍), വൃഥ്വി അരവിന്ദ് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), ചിരാഗ് സൂരി, മുഹമ്മദ് വസീം, ബാസില്‍ ഹമീദ്, ആര്യന്‍ ലക്ര, സവര്‍ ഫരീദ്, കാസിഫ് ദൗദ്, കാര്‍ത്തിക് മെയ്യപ്പന്‍, അഹമ്മദ് റാസ, സാഹൂര്‍ ഖാന്‍, ജുനൈദ് സിദ്ധിഖി, സാബിര്‍ അലി, അലീഷന്‍ ഷര്‍ഫു, ആര്യന്‍ ഖാന്‍.

Related Articles

Back to top button