ISL

യുവതാരത്തിന് റിക്കാര്‍ഡ് കരാറുമായി ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യം വലുത്!

കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നിര്‍ണായക നീക്കവുമായി മുന്നോട്ട്. ഇത്തവണ സീനിയര്‍ ടീമിലേക്ക് ഇടംപിടിച്ച യുവതാരം വിബിന്‍ മോഹനനെ ദീര്‍ഘകാലം ടീമില്‍ നിലനിര്‍ത്താനുള്ള പദ്ധതിയാണ് ടീം എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2026 വരെ കരാര്‍ നല്‍കും. പുതിയ കരാറില്‍ ഒപ്പിട്ടെന്നാണ് ലഭിക്കുന്ന വിവരം.

2022 സാഫ് അണ്ടര്‍ 20 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു വിബിന്‍ മോഹനന്‍. 2020 മുതല്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി ലോണ്‍ വ്യവസ്ഥയില്‍ രണ്ട് സീസണില്‍ കളിച്ചിരുന്നു വിബിന്‍ മോഹനന്‍. ഇന്ത്യന്‍ ആരോസ് ക്ലബ്ബിനായി ആകെ 31 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ഇന്ത്യന്‍ ആരോസ് ജഴ്സിയില്‍ ഒരു ഗോള്‍ സ്വന്തമാക്കി. രണ്ട് ഗോളിന് അസിസ്റ്റ് നടത്തി.

2022 ഡ്യൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കു വേണ്ടി വിബിന്‍ മോഹനന്‍ അഞ്ച് മത്സരങ്ങളില്‍ ഇറങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ക്വാര്‍ട്ടര്‍ ഫൈനലും ഉള്‍പ്പെടെയാണിത്. ഡ്യൂറന്റ് കപ്പില്‍ മികച്ച പ്രകടനമായിരുന്നു ഈ തൃശൂര്‍ സ്വദേശി നടത്തിയത്.

ഒമ്പതാം വയസില്‍ കേരള പോലീസ് ഫുട്ബോള്‍ അക്കാഡമിയില്‍ ചേര്‍ന്നാണ് വിബിന്‍ മോഹനന്‍ കാല്‍പ്പന്ത് ലോകത്തേക്ക് എത്തിയത്. ഇന്ത്യയുടെ മലയാളി ഇതിഹാസ താരമായ ഐ. എം. വിജയന്‍ ആയിരുന്നു വിബിന്‍ മോഹനന്റെ ആദ്യ കാല ഗുരു.

2015 ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അണ്ടര്‍ 15 ടീമില്‍ സെലക്ഷന്‍ നേടി. തുടര്‍ന്ന് ഹീറോ ജൂണിയര്‍ ലീഗില്‍ ഇറങ്ങി. 2020 ല്‍ ഐലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ചേക്കേറി. 2022 ഓഗസ്റ്റ് 17 വരെ ആയിരുന്നു വിബിന് നേരത്തെ കരാര്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button