Cricket

ജോണ്‍സന് ബാറ്റിലുമുണ്ട് പിടി!! പത്താന്‍ ടീമിനെ പറപ്പിച്ച് മിന്നലടി

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ഫൈനലില്‍ അപ്രതീക്ഷിത ബാറ്റിംഗ് വെടിക്കെട്ടുമായി മുന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍. ഇന്ത്യ ക്യാപിറ്റല്‍സിന് വേണ്ടി പ്രമുഖര്‍ ഒന്നും ചെയ്യാതെ മാറിനിന്നപ്പോഴാണ് ജോണ്‍സണ്‍ ബാറ്റുകൊണ്ട് താരമായത്. ഗൗതം ഗംഭീറും ഡ്വെയ്ന്‍ സ്മിത്തുമെല്ലാം ഒന്നും നല്‍കാതെ തിരികെ കയറിയപ്പോള്‍ അഭിമാനമായത് ജോണ്‍സനായിരുന്നു.

ഇര്‍ഫാന്‍ പത്താന്‍ നയിച്ച ബില്‍വാര കിംഗ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ ക്യാപിറ്റല്‍സിന് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. 9 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. ടീം 100 കടക്കുമോ എന്നുപോലും അറിയാത്ത അവസ്ഥയില്‍ റോസ് ടെയ്‌ലറിനൊപ്പം ജോണ്‍സനും കൂടി. പിന്നെ പൊരിഞ്ഞ അടിയായിരുന്നു. ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാവരും തല്ലുകൊണ്ടു.

41 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ 82 റണ്‍സെടുത്തപ്പോള്‍ അതില്‍ പിറന്ന സിക്‌സറുകളുടെ എണ്ണം 8 ആണ്. ഒപ്പം നിന്ന ജോണ്‍സണും മോശമാക്കിയില്ല. സിക്‌സറുകളേക്കാള്‍ ഫോറുകളോടായിരുന്നു ഓസീസ് താരത്തിന് താല്‍പര്യം. 35 പന്തില്‍ 62 റണ്‍സെടുത്തതില്‍ 7 എണ്ണം ഫോറായിരുന്നു. 3 സിക്‌സറുകളും ടീം പറത്തി. ആദ്യം ബാറ്റുചെയ്ത് 211 റണ്‍സാണ് ക്യാപിറ്റല്‍സ് നേടിയത്. ശ്രീശാന്ത് 4 ഓവറില്‍ 53 റണ്‍സ് വഴങ്ങി.

Related Articles

Back to top button