FootballISL

ഹൈദരാബാദിന്റെ കുതന്ത്രത്തെ അതേ തന്ത്രത്തില്‍ പൂട്ടി ഇവാന്‍ ബോയ്‌സ്!

സ്വന്തം തട്ടകത്തില്‍ എതിരാളികളെ തളയ്ക്കാന്‍ ഹൈദരാബാദ് പ്രയോഗിച്ച അതേ തന്ത്രം കടമെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധുര പ്രതികാരം. കഴിഞ്ഞ ഫൈനലിലെ തോല്‍വിക്ക് ഹൈദരാബാദിന്റെ വീട്ടില്‍ കയറി അടിച്ച ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘത്തിന് നിര്‍ണായക ജയം.

ഈ സീസണില്‍ ഹൈദരാബാദ് സ്വന്തം ഗ്രൗണ്ടില്‍ ജയിച്ചതെല്ലാം ഒരു ഗോള്‍ മാര്‍ജിനില്‍ ആയിരുന്നു. ആദ്യം ഗോളടിക്കുക, പിന്നെ എതിരാളികളെ ചലിപ്പിക്കാതെ കളി നിയന്ത്രിക്കുക എന്നതായിരുന്നു ഹൈദരാബാദിന്റെ തന്ത്രം. ഈ തന്ത്രമാണ് ഇവാന്‍ ആശാന്റെയും സംഘത്തിന്റെയും മുന്നില്‍ തകര്‍ന്നടിഞ്ഞത്.

ബെര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുടെ സ്വതന്ത്രമായ ചലനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രതിരോധത്തിന് സാധിച്ചതും ബ്ലാസ്‌റ്റേഴ്‌സിനു തുണയായി. കഴിഞ്ഞ സീസണിലും ഒഗ്‌ബെച്ചെയെ തളച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ പൂട്ടിയത്. ഇത്തവണയും തന്ത്രങ്ങള്‍ കൃത്യമായി ആസൂത്രണത്തിലെത്തിക്കാന്‍ ടീമിന് സാധിച്ചു.

എതിരാളികളുടെ കളത്തില്‍ ചെറിയ അവസരങ്ങള്‍ പോലും നല്‍കിയാല്‍ പണിയാകുമെന്ന തിരിച്ചറിവ് താരങ്ങളെല്ലാം മനസിലാക്കിയതും ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്തു. ഗ്യാലറിയില്‍ തിങ്ങിക്കൂടിയ ആരാധകരുടെ പിന്തുണയും ഇവാന്റെ ടീമിന് സമ്മാനിച്ചത് വലിയ ആധിപത്യമായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താനും ടീമിനായി. 7 കളിയില്‍ നിന്നും 12 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷമാണ് ടീം വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്. 1-0.

കഴിഞ്ഞ സീസണിലും സമാനമായ രീതിയിലായിരുന്നു ടീം കടന്നു പോയത്. സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യം തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മൂന്ന് മല്‍സരങ്ങളില്‍ രണ്ടെണ്ണം എവേ മല്‍സരങ്ങളാണ്. ഡിസംബര്‍ നാലിന് ജെംഷഡ്പൂരിനെതിരായ എവേ മല്‍സരത്തിനു ശേഷം 11 ന് സ്വന്തം തട്ടകത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരേയാണ് ഹോം മല്‍സരം. ഈ മൂന്ന് മല്‍സരങ്ങളില്‍ മികച്ച റിസല്‍ട്ട് നേടാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലില്‍ തന്നെ നിലനില്‍ക്കാന്‍ സാധിക്കും.

Related Articles

Back to top button