ISL

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഡീല്‍ കോടികളുടേത്!! ക്ലബിന് വന്‍ നേട്ടം

കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള ബന്ധം തുടരാന്‍ ബൈജൂസ് തീരുമാനിച്ചതിന് പിന്നില്‍ ക്ലബിന്റെ ജനപ്രീതി തന്നെ. ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയാണ് രണ്ടു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയത്. ബ്ലാസ്റ്റേഴ്‌സിനെ തേടി നിരവധി കോര്‍പറേറ്റ് കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് കരാര്‍ നീട്ടാന്‍ ബൈജൂസ് തന്നെ മുന്‍കൈ എടുത്തത്.

ഈ സീസണ്‍ അവസാനിക്കുമ്പോള്‍ സാമ്പത്തികമായി നഷ്ടമില്ലാത്ത അവസ്ഥയിലേക്ക് എത്താന്‍ ബ്ലാസ്റ്റേഴ്‌സിനെ സഹായിക്കുന്ന തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഇതുവരെ ടീമിന് ലഭിച്ചിട്ടുണ്ട്. ബിന്‍ഗോ, അമറോണ്‍, ഡെല്‍ഫ്രഷ്, കള്ളിയത്ത് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളെല്ലാം മികച്ച രീതിയിലുള്ള സാമ്പത്തികനേട്ടമാണ് ബ്ലാസ്റ്റേഴ്‌സിന് സമ്മാനിക്കുന്നത്.

സ്‌പോണ്‍സര്‍ഷിപ്പിനൊപ്പം മറ്റ് ചില രീതികളിലും ബ്ലാസ്റ്റേഴ്‌സിന് വരുമാനം ലഭിക്കുന്നുണ്ട്. ആദ്യ മല്‍സര ദിവസം ഒരു സിനിമയുടെ ട്രെയിലര്‍ റിലീസിംഗ് സ്റ്റേഡിയത്തില്‍ വച്ചാണ് നടന്നത്. ലക്ഷങ്ങള്‍ നല്‍കിയാണ് സിനിമയുടെ അണിയറക്കാര്‍ ട്രെയിലര്‍ റിലീസ് നടത്തിയത്. പരിപാടി വലിയ ഹിറ്റായി മാറുകയും ചെയ്തു. ഇത്തരത്തില്‍ നവീന മാര്‍ഗങ്ങളിലൂടെ വരുമാനം ഉണ്ടാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുന്നു.

ടിക്കറ്റ് വില്‍പനയിലും വലിയ ഉണര്‍വുണ്ട്. ഈ പ്രകടനം സീസണ്‍ അവസാനം വരെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ ടിക്കറ്റ് വില്‍പനയിലൂടെയും വലിയ വരുമാനം ഉണ്ടാക്കാന്‍ ടീമിന് സാധിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള പങ്കാളിത്തം പുതുക്കാനും തുടരാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ബൈജൂസ് മാര്‍ക്കറ്റിങ് ഹെഡ് അതിത് മേത്ത പറഞ്ഞു. ഒരു വ്യക്തിയുടെ ആകമാനമായ വികസനത്തില്‍ സ്പോര്‍ട്സിന് അവിഭാജ്യ പങ്കുണ്ടെന്ന് ബൈജൂസില്‍ ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു. കൂട്ടായ പ്രവര്‍ത്തനം, അച്ചടക്കം, സ്വഭാവഗുണം, ആത്മവിശ്വാസം, പ്രതിരോധം തുടങ്ങിയ വിലമതിക്കാനാവാത്ത പാഠങ്ങളുടെ മികച്ച വഴികാട്ടികളാണ് ഫുട്‌ബോള്‍ പോലുള്ള ടീം സ്‌പോര്‍ട്‌സുകള്‍.

ഫുട്‌ബോള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതുപോലെ, ഒരു ലേണിങ് കമ്പനി എന്ന നിലയില്‍ ഞങ്ങളും ഓരോ കുട്ടിയുടെ ജീവിതത്തിലും പഠനത്തോടുള്ള ഇഷ്ടം പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ ഇനിയുള്ള മത്സരങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈജൂസിനെ, രണ്ട് വര്‍ഷത്തേക്ക് കൂടി തിരികെ സ്വാഗതം ചെയ്യുന്നതില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആവേശഭരിതരാണെന്ന് കരാര്‍ വിപുലീകരണ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. നമ്മുടെ യുവാക്കളെ ശാക്തീകരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഞങ്ങളുടെ അതേ കാഴ്ചപ്പാടും ഉദ്ദേശ്യവും പങ്കിടുന്ന ബൈജൂസുമായി ഒരുമിച്ച് ഈ യാത്ര തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button