Football

യൂറോ സുരക്ഷയില്‍ വീഴ്ച !! റൊണാള്‍ഡോയ്ക്ക് നേരെ ആരാധകര്‍ പാഞ്ഞടുത്തത് ആറ് തവണ…

യുവേഫ യൂറോ 2024 ഫുട്ബോള്‍ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് മുമ്പുള്ള വിശ്രമത്തിലാണ് ടീമുകള്‍. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ ശേഷിക്കുന്നത് 16 ടീമുകള്‍ മാത്രം. ജൂണ്‍ 29ന് ഇറ്റലിയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് പ്രീക്വാര്‍ട്ടറിന്റെ കിക്കോഫ്.

ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഇറ്റലി-സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം. യൂറോ കപ്പിന്റെ നോക്കൗട്ടിലേക്ക് കടക്കുമ്പോള്‍ ഏറ്റവും പ്രധാന ചോദ്യം ആതിഥേയരായ ജര്‍മനി കളിക്കാര്‍ക്കുള്ള സുരക്ഷ ശക്തമാക്കുമോ എന്നതാണ്. കാരണം, ഈ യൂറോ കപ്പില്‍ മൈതാനത്തേക്ക് അതിക്രമിച്ചുകടക്കുന്ന ആരാധകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേര്‍ത്ത് ഒരു മത്സരത്തിനിടെ ആറു പ്രാവശ്യം ആരാധകര്‍ പാഞ്ഞടുത്തു. കളിക്കാരുടെ ജീവനുതന്നെ ഭീഷണി ആയേക്കാവുന്ന പിച്ച് ഇന്‍വേഡിംഗാണ് ജര്‍മനിയില്‍ ഇപ്പോള്‍ കണ്ടുവരുന്നത് എന്നതാണ് വാസ്തവം.

ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലും തുര്‍ക്കിയും തമ്മില്‍ നടന്ന മത്സരത്തിനിടെ ആറു തവണ ആരാധകര്‍ മൈതാനത്തേക്ക് അതിക്രമിച്ചുകടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്ത് എത്തി. ഇതില്‍ ഒരു കുട്ടിക്കൊപ്പം റൊണാള്‍ഡോ സെല്‍ഫിക്ക് പോസ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു എന്നതും വാസ്തവം.

അതേസമയം, ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയ്ക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനുശേഷം ടണലിലേക്ക് കടക്കുന്നതിനിടെ റൊണാള്‍ഡോയുടെ നേര്‍ത്ത് ഒരു ആരാധകന്‍ ചാടിയെത്തിയിരുന്നു. മതിലിനു മുകളിലൂടെ ചാടിയെത്തിയ ആരാധകന്റെ ചവിട്ടില്‍നിന്ന് കഷ്ടിച്ചാണ് റൊണാള്‍ഡോ രക്ഷപ്പെട്ടത് എന്നതും വാസ്തവം.

തുര്‍ക്കി-പോര്‍ച്ചുഗല്‍ മത്സരത്തിനുശേഷം യുവേഫ കളിക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചുന്നു. എന്നാല്‍, അത് വെറും പ്രസ്താവന മാത്രമായി എന്നതാണ് ജോര്‍ജിയ-പോര്‍ച്ചുഗല്‍ മത്സരത്തിനുശേഷമുള്ള സംഭവം വെളിപ്പെടുത്തിയത്.

പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍ സ്ലോവേനിയയാണ്. ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക് ടീമുകള്‍ക്കു പിന്നില്‍ ഗ്രൂപ്പ് സി മൂന്നാം സ്ഥാനക്കാരാണ് സ്ലോവേനിയ അവസാന 16ല്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ സമയം ജൂലൈ രണ്ട് 12.30നാണ് സ്ലോവേനിയ-പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍പോരാട്ടം.

Related Articles

Back to top button