Football

സെര്‍ബിയന്‍ പരിശീലന ക്യാംപില്‍ ബ്രസീല്‍ ഡ്രോണ്‍! വിശ്വസിക്കാതെ കോച്ചും!

ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന രാത്രി, ഫിഫ ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് ബ്രസീല്‍ സെര്‍ബിയയയുമായി കൊമ്പുകോര്‍ക്കും. എന്നാല്‍, മത്സരത്തിനു മുമ്പ് ബ്രസീലിനെ പ്രതിക്കൂട്ടിലാക്കി ഒരു വാര്‍ത്ത പരന്നു. ബ്രസീലിന്റെ ശത്രുക്കളായ മറ്റ് ഏതെങ്കിലും ടീമിന്റെ ഇഷ്ടക്കാരാണോ എന്ന് അറിയില്ല, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ദോഹയില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്.

സെര്‍ബിയയെ നേരിടാന്‍ ഒരുങ്ങുന്ന ബ്രസീല്‍ ടീം, സെര്‍ബിയന്‍ ടീമിന്റെ രഹസ്യം ചോര്‍ത്താന്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി. സെര്‍ബിയ പരിശീലനം നടത്തുന്നതിനിടെ ആകാശത്ത് ബ്രസീലിന്റെ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഖത്തര്‍ ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീലിന്റെയും സെര്‍ബിയയുടെയും ടീമുകള്‍ പരിശീലിക്കുന്നത് ദോഹയിലാണ്. ഒരു മതിലിന്റെ രണ്ട് വശത്തായാണ് ബ്രസീലും സെര്‍ബിയയും പരിശീലനം നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡ്രോണ്‍ ക്യമാറ ഉപയോഗിച്ച് സെര്‍ബിയന്‍ ടീമിന്റെ പരിശീലനവും തന്ത്രങ്ങളും ബ്രസീല്‍ മനസിലാക്കാന്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഈ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി ബ്രസീല്‍ ആരാധകര്‍ ഒന്നടങ്കം മാത്രമല്ല പറഞ്ഞതെന്നതും മറ്റൊരു വാസ്തവം. സെര്‍ബിയന്‍ മുഖ്യപരിശീലകന്‍ ഡ്രാഗന്‍ സ്റ്റൊജ്കോവിച്ചും ഈ വാര്‍ത്തയെ ചിരിച്ച് തള്ളി.

ഡ്രോണ്‍ ക്യാമറ അയച്ച് ഞങ്ങളുടെ രഹസ്യം ചോര്‍ത്താന്‍ ബ്രസീല്‍ ടീം ശ്രമിച്ചെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. അവര്‍ എന്തിന് ഞങ്ങളുടെ ക്യാമ്പില്‍ രഹസ്യമായി നോക്കണം. അവര്‍ ഫുട്ബോളിലെ അതുല്യ ശക്തികളാണ്. ബ്രസീല്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി എന്നത് വ്യാജ വാര്‍ത്ത മാത്രം. ഒരുപക്ഷേ, അവര്‍ ഡ്രോണ്‍ അയച്ചെങ്കില്‍ ഇവിടെ ഒന്നും കാണാനില്ല എന്നതാണ് മറ്റൊരു സത്യം – സെര്‍ബിയന്‍ മുഖ്യ പരിശീലകന്‍ ചിരിയോടെ പ്രതികരിച്ചു.

നെയ്മര്‍, റാഫീഞ്ഞ, റിച്ചാര്‍ലിസണ്‍, വിനീഷ്യസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ബ്രസീലിന്റെ ശക്തമായ ആക്രമണനിരയെ ചെറുക്കുക എന്നതാണ് സെര്‍ബിയുടെ ഇപ്പോഴത്തെ ഏക ചിന്തയെന്നും ഡ്രാഗന്‍ സ്റ്റൊജ്കോവിച്ച് പറഞ്ഞു.

2018 റഷ്യന്‍ ലോകകപ്പിലും സെര്‍ബിയയും ബ്രസീലും ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിരുന്നു. അന്ന് ഗ്രൂപ്പ് ഇയില്‍ ആയിരുന്നു ഇരു ടീമും. മത്സരത്തില്‍ ബ്രസീല്‍ 2-0ന് സെര്‍ബിയയെ തോല്‍പ്പിച്ചു. 2002നുശേഷം ഒരു ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല എന്ന പ്രശ്നം പരിഹരിക്കാനാണ് ടിറ്റെയുടെ ബ്രസീല്‍ ഇറങ്ങുന്നത്.

ബ്രസീലിന് കരുത്തു പകരുന്നത് തിയാഗൊ സില്‍വ, മീര്‍ക്വീഞ്ഞോസ്, കാസെമിറൊ, ഡാനി ആല്‍വസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍, റാഫീഞ്ഞ, ഗബ്രിയേല്‍ ജെസ്യൂസ്, ആന്റണി, വിനീഷ്യസ് ജൂണിയര്‍, റോഡ്രിഗൊ, പെഡ്രൊ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ആലിസണ്‍, എഡേഴ്സണ്‍ എന്നിങ്ങനെ നീളുന്ന പ്രഗല്‍ഭനിരയാണ്. 2002നുശേഷം ഏഷ്യയില്‍ എത്തുന്ന രണ്ടാമത്തെ ലോകകപ്പ് ആണ് 2022 ഖത്തര്‍. ഏഷ്യയില്‍ ബ്രസീല്‍ വീണ്ടും ലോകകപ്പുയര്‍ത്തുമോ എന്നതിനായാണ് മഞ്ഞപ്പട ആരാധകരുടെ കാത്തിരിപ്പ്.

 

Related Articles

Back to top button