Football

തന്റെ ഗോളല്ലെന്ന് റൊണാള്‍ഡോ നേരത്തെ അറിഞ്ഞിരുന്നു; തെളിവുസഹിതം വന്‍ വെളിപ്പെടുത്തല്‍!

ഉറുഗ്വെയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളില്‍ വിവാദം തുടരുന്നു. ഈ വിവാദത്തിന് തീപിടിപ്പിച്ച് മുന്‍ വെനസ്വേല താരം അലെസാന്‍ഡ്രോ മൊറേനോ ആണ് രംഗത്തെത്തിയിരിക്കുന്നത്. റൊണാള്‍ഡോയ്ക്ക് ഈ ഗോള്‍ തന്റേതായിരുന്നില്ലെന്നെന്ന് ആദ്യം തന്നെ കൃത്യമായി അറിയാമായിരുന്നുവെന്ന ആരോപണമാണ് മൊറേനോ മുന്നോട്ടു വയ്ക്കുന്നത്.

തെളിവുകള്‍ സഹിതമാണ് വെനസ്വേല താരത്തിന്റെ വാദം. സ്വയം നേടുന്ന ഗോളുകള്‍ക്കു ശേഷം തന്റെ സ്വതസിദ്ധമായ ഗോള്‍ ആഘോഷം റൊണാള്‍ഡോ നടത്താറുണ്ട്. എന്നാല്‍ ബ്രൂണോയുടെ ഗോളിന് തലവച്ച ശേഷം പാതിയടഞ്ഞ ആഘോഷം മാത്രമാണ് റോണോയില്‍ നിന്ന് കണ്ടത്. ഇതിന്റെ അര്‍ത്ഥം എന്താണ്? തീര്‍ച്ചയായും തന്റെ തലയില്‍ കൊണ്ടല്ല പന്ത് വലയിലെത്തിയതെന്ന് റൊണാള്‍ഡോയ്ക്ക് അറിയാമെന്നത് തന്നെയാണെന്നാണ് മൊറേനോയുടെ അവകാശവാദം.

എന്നാല്‍ മൊറേനോയ്ക്ക് അസൂയ കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന വാദവുമായി മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. ആഘോഷ തിയറി കൊണ്ട് റൊണാള്‍ഡോയെ അപമാനിക്കാനുള്ള ശ്രമമാണെന്നാണ് അവരുടെ വാദം. അതേസമയം, റൊണാള്‍ഡോയോ സഹതാരങ്ങളോ പിന്നീട് ഈ വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

അതേസമയം, റൊണാള്‍ഡോ ഗോളടിച്ചോ ഇല്ലയോയെന്ന തര്‍ക്കത്തിലേക്ക് കടന്നു കയറി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷനും. ബ്രൂണോയ്ക്ക് ഗോള്‍ അനുവദിച്ച ഫിഫ നടപടി തിരുത്തിക്കാന്‍ ഫെഡറേഷന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. റൊണാള്‍ഡോയാണ് ഗോളടിച്ചതെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഫിഫയ്ക്ക് നല്‍കാനാണ് നീക്കം.

ഈ ഗോളില്‍ തെളിവു കണ്ടെത്താന്‍ പ്രത്യേക സംഘത്തെ തന്നെ ഫെഡറേഷന്‍ നിയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ആവശ്യമുള്ള പണം മുടക്കാനും അവര്‍ ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ട്. ഫിഫ സംഘത്തിന് തെളിവു നല്‍കി ആ ഗോളിന്റെ ഉടമസ്ഥാവകാശം ബ്രൂണോയില്‍ നിന്ന് റൊണാള്‍ഡോയിലേക്ക് മാറ്റുകയെന്ന ലക്ഷ്യമാണ് പോര്‍ച്ചുഗല്‍ ഫെഡറേഷനുള്ളത്.

മല്‍സരത്തില്‍ ബ്രൂണോ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് യുറുഗ്വായ് പോസ്റ്റില്‍ കടന്നുകയറി. എന്നാല്‍, ക്രോസ് ഷോട്ടിന് ബോക്‌സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ആ ഗോള്‍ താരത്തിന്റെ പേരില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് സാങ്കേതിക പരിശോധനയില്‍ പന്തില്‍ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു മനസിലാക്കി ബ്രൂണോയുടെ പേരിലേക്ക് ഗോള്‍ മാറ്റുകയുമായിരുന്നു.

Related Articles

Back to top button