Football

റോഡ്രിക്ക് പറ്റിയത് വന്‍ അബദ്ധം !! എതിര്‍ താരത്തിന് മഞ്ഞക്കാര്‍ഡ് നല്‍കാന്‍ പറഞ്ഞ് എട്ടിന്റെ പണി വാങ്ങിച്ച് റോഡ്രി

യുവേഫ യൂറോ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ അരങ്ങേറിയ തീപ്പൊരി പോരാട്ടത്തില്‍ സ്പെയിന്‍ 1-0ന് ഇറ്റലിയെ തോല്‍പ്പിച്ചു. റിക്കാര്‍ഡൊ കാലഫിയോറിയുടെ 55-ാം മിനിറ്റിലെ സെല്‍ഫ് ഗോളിലായിരുന്നു സ്പെയിനിന്റെ ജയം എന്നതാണ് വാസ്തവം.

സ്പെയിന്‍ നടത്തിയ ആക്രമണങ്ങളെല്ലാം ഇറ്റാലിയന്‍ പ്രതിരോധത്തിലും ഗോളി ജിയാന്‍ലൂയിജി ഡോണറുമയിലും തട്ടിത്തെറിക്കുകയായിരുന്നു. സ്പാനിഷ് താരങ്ങളുടെ ലോംഗ് റേഞ്ചും ക്ലോസ് റേഞ്ചും ഹെഡറുമെല്ലാം വലകാക്കും ഭൂതമായിനിന്ന് ഡോണറുമ തട്ടിത്തെറിപ്പിച്ചു.

എന്നാല്‍, മത്സരത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം സ്പാനിഷ് താരം റോഡ്രി വെറുതേ ചെന്ന് മഞ്ഞക്കാര്‍ഡ് വാങ്ങിയതാണ്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റോഡ്രിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

ഇറ്റലിയുടെ ഫെഡെറിക്കോ കിയേസ സ്പാനിഷ് താരം മാര്‍ക്ക് കുക്കുറെല്ലയെ ഫൗള്‍ ചെയ്തിനെ ചോദ്യം ചെയ്യാന്‍ റഫറിക്കരികില്‍ എത്തിയതായിരുന്നു റോഡ്രി.

കിയേസയ്ക്ക് കാര്‍ഡ് നല്‍കണമെന്നതായിരുന്നു റോഡ്രിയുടെ ആവശ്യം. കിയേസയ്ക്ക് മഞ്ഞക്കാര്‍ഡ് നല്‍കണമെന്ന വാദവുമായി റഫറിയെ സമീപിച്ചതിനായിരുന്നു റോഡ്രിക്ക് കാര്‍ഡ് ലഭിച്ചത്.

യുവേഫ യൂറോ 2024ലെ പുതിയ നിയമം അനുസരിച്ച് റഫറിക്ക് അരികേയെത്തി സംസാരിക്കാനുള്ള അവസാനം ടീം ക്യാപ്റ്റന്മാര്‍ക്ക് മാത്രമാണ്. മറ്റ് കളിക്കാര്‍ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്താല്‍ കാര്‍ഡ് ലഭിക്കും.

ഈ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് റോഡ്രിക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടിവന്നത്. ഈ മഞ്ഞക്കാര്‍ഡ് സ്പാനിഷ് ടീമിന് ആഘാതമായെന്നതും മറ്റൊരു വാസ്തവം. കാരണം, ഗ്രൂപ്പ് ബിയില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിലും റോഡ്രി മഞ്ഞക്കാര്‍ഡ് കണ്ടിരുന്നു.

ഇതോടെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റോഡ്രി പുറത്ത് ഇരിക്കേണ്ടിവരും. ജൂണ്‍ 25ന് പുലര്‍ച്ചെ 12.30ന് അല്‍ബേനിയയ്ക്കെതിരേയാണ് ഗ്രൂപ്പില്‍ സ്പെയിനിന്റെ അവസാന മത്സരം.

അതേസമയം, ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരങ്ങല്‍ും മികച്ച പ്രകടനം കാഴ്ചവച്ച് ജയം സ്വന്തമാക്കിയ സ്പെയിന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ട് മത്സരങ്ങളില്‍നിന്ന് ആറു പോയിന്റായി സ്പെയിനിന്.

മൂന്ന് പോയിന്റുമായി ഇറ്റലിയാണ് രണ്ടാമത്. അല്‍ബേനിയ, ക്രൊയേഷ്യ ടീമുകള്‍ക്ക് ഓരോ പോയിന്റ് വീതവും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയെ കീഴടക്കിയാല്‍ ഇറ്റലിക്ക് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിക്കാം.

അതേസമയം, ഇറ്റലിയെ കീഴടക്കിയാല്‍ ക്രൊയേഷ്യക്കും സ്പെയിനിനെ അട്ടിമറിച്ചാല്‍ അല്‍ബേനിയയ്ക്കും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ലഭിക്കാനുള്ള സാഹചര്യവുമുണ്ട്

Related Articles

Back to top button