FootballTop Stories

സ്റ്റിമാച്ചിന്റെ ചീട്ട് കീറിയേക്കും!! എല്ലാം തീരുമാനിക്കുന്നത് ഐഎം വിജയന്റെ റിപ്പോര്‍ട്ടില്‍

ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ പുതുക്കാനുള്ള സാധ്യത തുലാസില്‍. ഈ മാസം 18 ന് ചേരുന്ന എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് യോഗത്തിലായിരിക്കും സ്റ്റിമാച്ചിന്റെ കാര്യത്തില്‍ തീരുമാനമാകുക. എഐഎഫ്എഫിന്റെ പുതിയ ടെക്‌നിക്കല്‍ സമിതിയുടെ അധ്യക്ഷനായ ഐ.എം വിജയന്റെ റിപ്പോര്‍ട്ടാകും സ്റ്റിമാച്ച് നില്‍ക്കണോ പോകണോ എന്ന കാര്യത്തില്‍ വഴിത്തിരിവാകുക.

2019 ല്‍ സ്റ്റിമാച്ച് ചുമതല ഏറ്റെടുത്ത ശേഷം കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അവസാനം കളിച്ച ഏഷ്യാകപ്പ് യോഗ്യതാറൗണ്ടില്‍ ടീമിന് ഗംഭീര പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. ഇതാണ് കോച്ചിന് അനുകൂലമായ ഏക ഘടകം. സീനിയര്‍ താരങ്ങള്‍ സ്റ്റിമാച്ചിനെ നിലനിര്‍ത്തണമെന്ന പക്ഷക്കാരാണ്. എന്നാല്‍ ആരാധകരില്‍ പലരും കോച്ചിന്റെ പ്രകടനത്തില്‍ തൃപ്തരല്ല.

2019 മേയിലാണ് ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തിയത്. ക്രൊയേഷ്യക്കാരനായ ഈ 54 കാരന്റെ കീഴില്‍ 28 മത്സരങ്ങളില്‍ ഇന്ത്യ ഇറങ്ങി. ഒമ്പത് വീതം ജയവും സമനിലയും സ്വന്തമാക്കി. 10 മത്സരങ്ങളില്‍ തോല്‍വി നേരിട്ടു. 32.1 ശതമാനമാണ് ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ഇന്ത്യയുടെ വിജയം. നിലവില്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ കാലാവധി അവസാനിച്ചിരിക്കുകയാണ്.

കളിക്കാരനായിരുന്നപ്പോഴും പരിശീലകന്റെ റോളിലെത്തിയപ്പോഴും വ്യത്യസ്തനായിരുന്നു സ്റ്റിമാച്ച്. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനായി കളിക്കുമ്പോള്‍ ക്രൊയേഷ്യയില്‍ താന്‍ കളിച്ചു വളര്‍ന്ന ക്ലബിന്റെ തകര്‍ച്ചയില്‍ ദു:ഖിതനായി അഞ്ചു കോടി രൂപ പ്രതിഫലം വേണ്ടെന്നു വച്ച് ആദ്യകാല ക്ലബിലേക്ക് തിരിച്ചുപോയ കളിക്കാരന്‍ കൂടിയാണ് സ്റ്റിമാച്ച്.

1998 ഫിഫ ലോകകപ്പില്‍ ഡേവര്‍ സൂകറിന്റെ ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ പ്രതിരോധക്കോട്ടയിലെ ഉരുക്കായിരുന്നു സ്റ്റിമാച്ച്. ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ ആറിലും സ്ലാവന്‍ ബിലിച്ചിനൊപ്പം അദ്ദേഹം പിന്‍നിരയില്‍ കാവല്‍നിന്നു. സുകറിനും ക്യാപ്റ്റന്‍ സ്വൊനിമര്‍ ബൊബനുമൊപ്പം ഡ്രസിങ് റൂമില്‍ കളിക്കാരെ ഊര്‍ജസ്വലരാക്കുന്ന സാന്നിധ്യം. 53 മത്സരങ്ങളില്‍ ക്രൊയേഷ്യയ്ക്കായി ബൂട്ടുകെട്ടി.

ജന്മനാടായ സ്പ്ലിറ്റിലെ ഹാജുക്ക് ക്ലബ്ബിന്റെ ജീവനായിരുന്നു ഒരുകാലത്ത് സ്റ്റിമാച്ച്. ഹാജുക്കിലൂടെ കളിച്ചു വളര്‍ന്ന അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലും സ്‌പെയിനിലുമെത്തി. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനായി കളിക്കുമ്പോഴാണ് ഹാജുക്കിന്റെ പ്രകടനം ദയനീയമായത്. ഉടന്‍തന്നെ ഒന്നും നോക്കാതെ വന്‍ പ്രതിഫലം ഒഴിവാക്കി സ്റ്റിമാച്ച് ക്രൊയേഷ്യയിലേക്കു പറന്നു. ടീമിന്റെ നായകസ്ഥാനമേറ്റെടുത്തു. കളത്തില്‍നിന്നു വിരമിച്ചശേഷം ഹാജുക്കിന്റെ പരിശീലകനായി. ലീഗില്‍ ചാംപ്യന്‍മാരാക്കി.

ഏറെക്കാലം ക്ലബ്ബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി തുടര്‍ന്നു. പിന്നീട് ക്രൊയേഷന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു. പക്ഷേ, അതികായനായ ഡ്രാവ്‌കോ മാമിച്ചിനോട് ഒരൊറ്റ വോട്ടിന് തോറ്റു പുറത്തായി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന സ്റ്റിമാച്ചിനോട് ഇന്ത്യന്‍ ആരാധകര്‍ക്ക് തുടക്കത്തില്‍ ദേഷ്യം ആയിരുന്നെങ്കിലും അവസാന ആറുമാസക്കാലം ആ ബന്ധത്തിന് കൂടുതല്‍ ദൃഡത കൈവന്നിട്ടുണ്ട്.

Related Articles

Back to top button