Football

മൂന്നാം ഗോള്‍കീപ്പറെ കളത്തിലിറക്കിയതിന്റെ കാരണം വെളിപ്പെടുത്തി ടിറ്റെ!

ദക്ഷിണ കൊറിയയെ 4-1ന് കീഴടക്കി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ ചില അപൂര്‍വതകള്‍ കൂടി സംഭവിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ ലോകകപ്പിനായി ബ്രസീല്‍ ടീമിനൊപ്പമെത്തിയ 26 കളിക്കാരും ലോകകപ്പില്‍ കളത്തിലിറങ്ങിയെന്നതാണ്. മൂന്നാം ചോയ്‌സ് ഗോള്‍കീപ്പറായ വെവേര്‍ട്ടണ്‍ ആണ് അവസാനമായി കളത്തിലിറങ്ങിയ ബ്രസീല്‍ താരം.

പകരക്കാരനായി ഗ്രൗണ്ടിലേക്ക് എത്തുന്ന വെവേര്‍ട്ടണിന്റെ മുഖത്തെ സന്തോഷവും അഭിമാനവും ബ്രസീല്‍ ആരാധകരല്ലാത്തവരുടെ പോലും ഹൃദയം കീഴടക്കിയിരുന്നു. അവസാന പത്തു മിനിറ്റ് കളിക്കാന്‍ കിട്ടിയ അവസരത്തെ ലോകകപ്പ് നേടിയ ക്യാപ്റ്റന്റെ സന്തോഷത്തോടെയാണ് താരം ആഘോഷിച്ചത്.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ടീമിലെ 26 പേര്‍ക്കും അവസരം നല്‍കിയതെന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് ടിറ്റെ. വെവേര്‍ട്ടണിന് കളിക്കാന്‍ അവസരം നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ട്. ബ്രസീലിനായി ഖത്തറിലെത്തിയ ഓരോ താരത്തിനും ടീമിന്റെ വിജയത്തിലും മുന്നോട്ടുള്ള പോക്കിലും പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി ടിറ്റെ വ്യക്തമാക്കുന്നു.

ടിറ്റെയെക്കുറിച്ച് പറയാന്‍ 34കാരനായ ഗോള്‍കീപ്പര്‍ വെവേര്‍ട്ടണിനും നൂറുനാവാണ്. ടിറ്റെ നല്ലൊരു മനുഷ്യസ്‌നേഹിയാണ്. എല്ലാവര്‍ക്കും അവസരം നല്‍കാന്‍ അദേഹം ഇഷ്ടപ്പെടുന്നു. അതിനൊപ്പം തന്നെ കളിയുടെ ഗൗരവത്തെയും അവസ്ഥയെയും ഉള്‍ക്കൊണ്ടാണ് അദേഹം തീരുമാനം എടുക്കുന്നതും.

കളിക്കാന്‍ ഇറങ്ങേണ്ടി വരുമെന്ന് കോച്ച് മുന്‍കൂട്ടി തന്നോട് പറഞ്ഞിരുന്നില്ലെന്ന് വെവേര്‍ട്ടണ്‍ വ്യക്തമാക്കി. അതൊക്കെ സാഹചര്യത്തിനൊത്ത് സംഭവിച്ചതാണ്. ആദ്യ പകുതിയില്‍ ഗോള്‍ കൂടുതല്‍ നേടിയതിനാല്‍ പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കി ബാക്കിയുള്ളവര്‍ക്ക് അവസരം നല്‍ാകാനായെന്നും വെവേര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു. ക്രൊയേഷ്യയ്‌ക്കെതിരേയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍.

Related Articles

Back to top button