Football

ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ നിന്ന് ഗെറ്റൗട്ട് അടിച്ചു; റ്റാമിയെയും ടൊമോറിയെയും കളിയാക്കി നൈജീരിയ, കാരണം ഇതാണ്…

ഇംഗ്ലണ്ടിന്റെ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ടീമില്‍ ഇടം ലഭിക്കാത്ത റ്റാമി അബ്രാഹമിനെയും ഫികായൊ ടൊമോറിയെയും കളിയാക്കി നൈജീരിയന്‍ ആരാധകര്‍. ഇവരെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്താത്തതിന് മുഖ്യപരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റിന് നന്ദിയറിയിക്കാനും നൈജീരിയന്‍ ആരാധകര്‍ മടച്ചില്ല. ഇംഗ്ലീഷ് ടീമില്‍ കളിക്കാരെ എടുക്കാത്തതില്‍ നൈജീരിയക്കാര്‍ എന്തിനു സന്തോഷിക്കണം എന്നാണെങ്കില്‍ അതിന്റെ പിന്നില്‍ ഒരു നീണ്ട കഥയുണ്ട്.

റ്റാമി അബ്രാഹം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ മുന്‍ താരമാണ്. നിലവില്‍ ഇറ്റാലിയന്‍ സെരി എ ക്ലബ്ബായ എഎസ് റോമയ്ക്കായാണ് കളിക്കുന്നത്. ഇംഗ്ലണ്ടിലാണ് ജനിച്ചതെങ്കിലും നൈജീരിയന്‍ മാതാപിതാക്കളായതിനാല്‍ നൈജീരിയന്‍ ദേശീയ ടീമിനായി റ്റാമി അബ്രാഹത്തിനു കളിക്കാം. നൈജീരിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അമജു പിന്നിക്കിന്റെ അടുത്ത സുഹൃത്താണ് റ്റാമിയുടെ പിതാവ്.

2017 സെപ്റ്റംബര്‍ 21ന് പിന്നിക്ക് ഒരു പ്രഖ്യാപനം നടത്തി. റ്റാമി അബ്രാഹം നൈജീരിയയ്ക്കുവേണ്ടി കളിക്കും എന്ന്. അതേദിനം തന്നെ റ്റാമി അബ്രാഹം ഒരു പ്രസ്താനവയും ഇറക്കി, ഇംഗ്ലണ്ട് ടീമിന്റെ തെരഞ്ഞെടുപ്പില്‍ അവയ്ലബിള്‍ ആയിരിക്കും എന്നായിരുന്നു അതില്‍. നൈജീരിയയ്ക്കായി കളിക്കാന്‍ ഉദ്ദേശമില്ലെന്ന് പിന്നാലെ റ്റാമി അബ്രാഹം വ്യക്തമാക്കുകയും ചെയ്തു.

അതോടെ റ്റാമി അബ്രാഹമിനെ നൈജീരിയന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് താത്പര്യമില്ല. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ റ്റാമി അബ്രാഹം ഉള്‍പ്പെടാതിരുന്നതോടെ നൈജീരിയന്‍ ആരാധകര്‍ക്ക് അത് ഏറെ സന്തോഷമാകുകയും ചെയ്തു. സ്ട്രൈക്കറായ റ്റാമി അബ്രാഹം ഇംഗ്ലണ്ടിന്റെ അണ്ടര്‍ 18 ടീമില്‍ മുതല്‍ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് സീനിയര്‍ ടീമിനായി 11 മത്സരങ്ങളില്‍നിന്ന് മൂന്ന് ഗോള്‍ സ്വന്തമാക്കി.

കാനഡയില്‍ ജനിച്ച് ചെല്‍സിയിലൂടെ ഇപ്പോള്‍ ഇറ്റാലിയന്‍ സെരി എ ക്ലബ്ബായ എസി മിലാനില്‍ എത്തി നില്‍ക്കുന്ന സെന്റര്‍ ബാക്കായ ഫികായൊ ടൊമോറിയയും നൈജീരിയന്‍ ദേശീയ ടീമില്‍ കളിക്കാന്‍ വിമുഖത കാണിച്ചിരുന്നു. കാനഡയ്ക്കായും ഇംഗ്ലണ്ടിനായും ഫികായൊ ടൊമോറിയ കളിച്ചിട്ടുണ്ട്. നൈജീരിയന്‍ മാതാപിതാക്കളുടെ മകനാണ് ടൊമോറിയ.

ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ ഇംഗ്ലീഷ് ടീമില്‍ ബുക്കായൊ സാക്ക, റഹീം സ്റ്റര്‍ലിംഗ്, മാര്‍ക്കസ് റാഷ്ഫോഡ്, ഫില്‍ ഫോഡന്‍, കല്ലം വില്‍സണ്‍, ജയിംസ് മാഡിസണ്‍, ഹാരി കെയ്ന്‍, ജാക് ഗ്രീലിഷ് എന്നീ ഫോര്‍വേഡ്സ് ആണ് ഉള്ളത്. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ ആണ് ഇംഗ്ലണ്ട്. അമേരിക്ക, വെയ്ല്‍സ്, ഇറാന്‍ ടീമുകളാണ് ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനൊപ്പം. 21ന് ഇറാന്‍ എതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

Related Articles

Back to top button