Cricket

ബംഗ്ലാദേശിനെതിരേ നിര്‍ത്തിയത് കേരളത്തോട് തീര്‍ത്ത് കിഷന്റെ താണ്ഡവം!!

ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടി തൊട്ടടുത്ത ദിവസം കേരളത്തിനെതിരേ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഇഷാന്‍ കിഷന്‍ വീണ്ടും തകര്‍ത്താടി. ഇത്തവണ കേരളത്തിനെതിരേ തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് കിഷന്‍ കളംവിട്ടത്. പതിയെ തുടങ്ങി തകര്‍ത്തടിച്ചായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്.

ജലജ് സക്‌സേനയുടെ പന്തില്‍ സഞ്ജു സാംസണ്‍ പിടിച്ച് പുറത്താകും മുമ്പ് 195 പന്തില്‍ നിന്നും 132 റണ്‍സെടുത്ത കിഷന്‍ 8 സിക്‌സറുകളും 9 ഫോറുകളും ആ ഇന്നിംഗ്‌സില്‍ പിറന്നു. റണ്‍സിലേറെയും പിറന്നത് അവസാന 50 പന്തില്‍ നിന്നുമാണ്. 132 റണ്‍സിലെ 63 ശതമാനം റണ്‍സും പിറന്നത് ബൗണ്ടറികളിലൂടെയാണ്. 131 ഡോട്ട് ബോളുകളും കിഷന്‍ നേരിട്ടു.

സിക്‌സറുകളും ഫോറുകളും മാത്രമാണ് കിഷന് നോട്ടമിടുന്നതെന്ന വിമര്‍ശനത്തിനും താരം മറുപടി നല്‍കി. ഇന്നിംഗ്‌സില്‍ 46 സിംഗിളുകളാണ് താരം നേടിയത്. കേരളത്തിന്റെ സ്പിന്നര്‍ സിജോമോന്‍ ജോസഫിനാണ് കിഷന്റെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നത്.

അടിച്ച എട്ടില്‍ നാല് സിക്‌സറുകളും സിജോമോന് എതിരായിരുന്നു. മുന്‍ ഇന്ത്യന്‍ താരം സൗരവ് തിവാരിയെ കൂട്ടുപിടിച്ചാണ് കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. 229 പന്തില്‍ നിന്നും 97 റണ്‍സെടുത്ത തിവാരിയെയും ജലജ് സക്‌സേനയാണ് പുറത്താക്കിയത്.

114 റണ്‍സിന് നാലു വിക്കറ്റെന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുമ്പോഴാണ് കിഷന്‍ തിവാരിക്കൊപ്പം ചേരുന്നത്. ഇരുവരും ചേര്‍ന്ന് 225 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും പുറത്തായതോടെ ഉത്തരാഖണ്ഡിന്റെ വാലറ്റം പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. നിലവിലെ അവസ്ഥിയില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് കേരളം.

ആദ്യ ഇന്നിംഗ്‌സില്‍ കേരളം അടിച്ചെടുത്തത് 475 റണ്‍സാണ്. 150 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്റെ മികച്ച ബാറ്റിംഗിനൊപ്പം സിജോമോന്‍ ജോസഫ് (83), സഞ്ജു സാംസണ്‍ (72) എന്നിവരും തങ്ങളുടേതായ സംഭാവനയുമായി തിളങ്ങി.

Related Articles

Back to top button