Cricket

കിഷന്റെ ഇടിവെട്ട് ബാറ്റിംഗില്‍ കടപുഴകിയത് ഗെയ്‌ലും സെവാഗും വരെ!!

ബംഗ്ലാദേശിനെതിരേ ഡബിള്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ റിക്കാര്‍ഡ് ബുക്കുകളില്‍ പലതും തിരുത്തിക്കുറിക്കപ്പെട്ടു. വേഗത്തില്‍ ഡബിള്‍ സെഞ്ചുറി തികയ്ക്കുന്ന താരമെന്ന റിക്കാര്‍ഡാണ് അതില്‍ പ്രധാനം.

സാക്ഷാല്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണ് കിഷന്റെ അക്കൗണ്ടിലെത്തിയത്. 126 പന്തില്‍ നിന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറിന്റെ ഡബിള്‍. ഗെയ്ല്‍ സിംബാബ്‌വെയ്‌ക്കെതിരേ 2015 ല്‍ നേടിയപ്പോള്‍ 200ല്‍ എത്താന്‍ 138 പന്തുകള്‍ വേണ്ടിവന്നു.

ഇന്ത്യന്‍ വെടിക്കെട്ടുകാരന്‍ വീരേന്ദര്‍ സെവാഗിന് 140 പന്തുകളില്‍ നിന്നാണ് ഇരട്ടശതകം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വിന്‍ഡീസിനെതിരേ 2011 ല്‍ ഇന്‍ഡോറില്‍ വച്ചായിരുന്നു വീരുവിന്റെ ഡബിള്‍. നാലാമത്തെ ഇന്ത്യന്‍ താരമാണ് ഏകദിനത്തില്‍ ഡബിള്‍ നേടുന്നത്. രോഹിത് ശര്‍മ മൂന്നു തവണ ഡബിള്‍ അടിച്ചപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സെവാഗ് എന്നിവരാണ് മറ്റ് നേട്ടക്കാര്‍.

കിഷന്റെ ഡബിളിന് പ്രത്യേകതകള്‍ ഏറെയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് കിഷന്‍. ഡബിള്‍ നേടിയവരുടെ കൂട്ടത്തിലെ ബേബിയും ഇഷാന്‍ തന്നെ. ഏകദിനത്തില്‍ ഒരു സെഞ്ചുറി പോലും നേടാതെയാണ് ഡബിളിലേക്ക് കിഷന്‍ എത്തിയതെന്നതും യാദൃശ്ചികതയായി.

ബംഗ്ലാദേശിനെതിരേ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരവും കിഷനായി മാറി. 131 പന്തില്‍ നിന്ന് 10 സിക്‌സറുകളും 24 ഫോറും അടക്കമാണ് കിഷന്റെ ഇന്നിംഗ്‌സ്. ബംഗ്ലാദേശില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്‌കോറും ഇതു തന്നെയാണ്.

ആദ്യ 100 റണ്‍സിലെത്താന്‍ കിഷന് വേണ്ടി വന്നത് 85 പന്തുകളാണ്. എന്നാല്‍ സെഞ്ചുറിക്ക് ശേഷം ഗിയര്‍ മാറ്റിയ താരത്തിന് അടുത്ത നൂറില്‍ എത്താന്‍ വെറും 41 പന്തുകള്‍ മതിയായിരുന്നു.

ഡബിള്‍ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയുടെ അടുത്ത പരമ്പരകളില്‍ താരത്തിന് അവസരം കിട്ടുമോയെന്ന് കണ്ടറിയണം. കാരണം, ജനുവരി മുതലുള്ള പരമ്പരകളില്‍ ഇന്ത്യ രണ്ട് വ്യത്യസ്ത ടീമുകളെ കളിപ്പിക്കുന്നില്ല. റിഷാഭ് പന്ത് വരുമ്പോള്‍ ആരെ കളിപ്പിക്കുമെന്നതും വഴിയെ അറിയേണ്ടി വരും.

Related Articles

Back to top button