Football

പരിശീലനത്തിനിടെ എടുത്തത് 1,000 പെനാല്‍റ്റി; എന്റിക്വെയ്ക്ക് പൊല്ലാപ്പായി കൈവിട്ട വാക്ക്!

തങ്ങള്‍ പരിശീലന സെഷനുകളില്‍ പെനാല്‍റ്റിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത് സ്‌പെയ്ന്‍ കോച്ച് ലൂയിസ് എന്റിക്വെ ആയിരുന്നു. ലോകകപ്പിനായി ഖത്തറിലേക്ക് വിമാനം കയറുംമുമ്പേ കോച്ചിന്റെ അവകാശവാദവും ഈ പെനാല്‍റ്റി ഷൂട്ടൗട്ടിനെ കുറിച്ചായിരുന്നു. പരിശീലന സെഷനുകളില്‍ എടുത്ത പെനാല്‍റ്റികള്‍ മൊറോക്കോയ്‌ക്കെതിരേ ഫലിച്ചില്ലെന്നത് വിധിവൈരുദ്ധ്യമായി.

വീരവാദം മുഴക്കിയതു മാത്രമല്ല സ്‌പെയിനിന് നാണക്കേടായത്. നാല് പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ ലോകകപ്പില്‍ തോറ്റ ആദ്യ ടീമായും സ്‌പെയിന്‍ മാറി. മാത്രമല്ല, ഒരു ഷോട്ട് പോലും സ്‌കോര്‍ ചെയ്യാതെ ഷൂട്ടൗട്ടില്‍ തോറ്റ രണ്ടാമത്തെ ടീമെന്ന നാണക്കേടും അവരെ തേടിയെത്തി. 2006 ലോകകപ്പില്‍ ഉക്രെയ്‌നാണ് ഇത്തരത്തില്‍ ഒരെണ്ണം പോലും സ്‌കോര്‍ ചെയ്യാതെ പുറത്തായത്.

കളിയിലും കണക്കിലുമെല്ലാം വലിയ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാത്തതാണ് സ്‌പെയിനിന് തിരിച്ചടിയായത്. കൂടുതല്‍ പാസുകളും ബോള്‍ പൊസഷനും കളി ജയിപ്പിക്കാന്‍ ഉതകില്ലെന്നതിന്റെ നേര്‍ക്കാഴ്ച്ചയായി ഈ തോല്‍വി മാറി.

ജപ്പാനെതിരേ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റപ്പോള്‍ തന്നെ സ്‌പെയിനിന്റെ ദൗര്‍ബല്യം മറനീക്കി പുറത്തു വന്നിരുന്നു. എന്നാല്‍ അന്ന് അതു കാര്യമായി എടുത്തതുമില്ല. കോസ്റ്ററിക്കയെ 7 ഗോളില്‍ മുക്കിയപ്പോള്‍ പലരും വിചാരിച്ചത് സ്‌പെയിന്‍ ഇത്തവണ ഗംഭീര പ്രകടനം നടത്തുമെന്നാണ്. എന്നാല്‍ ആദ്യ കളിയിലെ ആളിക്കത്തല്‍ മാറ്റി നിര്‍ത്തിയാല്‍ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

Related Articles

Back to top button