Football

നെയ്മറിനെയും ടിറ്റെയെയും വെറുതെ വിടാതെ ബ്രസീലിയന്‍ പത്രങ്ങള്‍!! ഒന്നാംപേജില്‍ പരിഹാസ പെരുമഴ!!

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായ ബ്രസീല്‍ ടീമിനെയും കോച്ചിനെയും വിമര്‍ശിച്ച് ബ്രസീലിലെ പത്രങ്ങള്‍. ഇന്ന് ഇറങ്ങിയ ബ്രസീലിയന്‍ പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ ടീമിന്റെ അപ്രതീക്ഷിത തോല്‍വിയായിരുന്നു നിറഞ്ഞു നിന്നത്.

കഴിഞ്ഞ ദിവസം വരെ കോച്ച് ടിറ്റെയെയും നെയ്മറെയും പ്രകീര്‍ത്തിച്ച പത്രങ്ങള്‍ തോല്‍വിയോടെ പ്ലേറ്റ് തിരിച്ചു. ടിറ്റെയുടെ തന്ത്രങ്ങളും നെയ്മറിന്റെ മോശം പ്രകടനവുമാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന തരത്തിലാണ് മിക്ക പത്രങ്ങളും അച്ചുനിരത്തിയത്.

ബ്രസീലില്‍ ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഒ ഗ്ലോബോ പത്രം ഉന്നംവച്ചത് കോച്ച് ടിറ്റെയെ ആണ്. അനാവശ്യമായ സബ്‌സ്റ്റിറ്റിയൂഷനുകള്‍ ടീമിന്റെ പെനാല്‍റ്റി ഷൂട്ടിലെ സാധ്യതകളെ കൊന്നുവെന്ന് പത്രം കുറ്റപ്പെടുത്തുന്നു. എക്‌സ്ട്രാ ടൈമില്‍ വരുത്തിയ മാറ്റങ്ങളെല്ലാം ടീമിനെ പിന്നോട്ട് അടിക്കുന്നതായിരുന്നു.

കോച്ചിന്റെ ഈ നീക്കങ്ങള്‍ ക്രൊയേഷ്യയെ സമനില ഗോള്‍ നേടാനും മല്‍സരം ഷൂട്ടൗട്ടിലേക്ക് എത്തിക്കാനും സഹായിച്ചെന്നും പത്രം പറയുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെയ്മറെ അവസാനത്തേക്ക് മാറ്റിവച്ചതിനെയും ഗ്ലോബോ വിമര്‍ശിക്കുന്നു.

മറ്റൊരു പത്രമായ ‘എക്‌സ്ട്ര’ മുഴുവന്‍ പേജ് ബ്രസീല്‍ ടീമിന്റെ ചിത്രവുമായാണ് ഇറങ്ങിയത്. പുതിയ കളിക്കാരെ എത്തിക്കാന്‍ സമയമായെന്ന തരത്തിലാണ് അവരുടെ തലക്കെട്ടും. നെയ്മറെ കണക്കിന് വിമര്‍ശിച്ച് തന്നെയാണ് പത്രത്തിലെ ലേഖനങ്ങളും. താരത്തിന്റെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയാണെന്നും പത്രം വിമര്‍ശിക്കുന്നു.

ഒ ഡിയ പത്രം ‘എല്ലാം അവസാനിച്ചു’ എന്ന തരത്തിലാണ് നിരാശകരമായ തോല്‍വിയെ വിശേഷിപ്പിച്ചത്. ക്രൊയേഷ്യന്‍ ടീമിനെ പ്രശംസിച്ചും സ്വന്തം ടീമിനെ പരിഹസിച്ചുമാണ് അവരുടെ വാര്‍ത്തകള്‍. ടീമിന് ദിശാബോധം നഷ്ടപ്പെട്ടെന്ന തരത്തില്‍ തന്നെയാണ് അവരും അച്ചുനിരത്തിയിരിക്കുന്നത്.

ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ തന്നെ ടീം മികച്ചു നില്‍ക്കുമ്പോള്‍ പുകഴ്ത്തി എഴുതുകയും തോല്‍ക്കുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്ന ശൈലി തന്നെയാണ് ബ്രസീലിയന്‍ മാധ്യമങ്ങളും സ്വീകരിച്ചത്. അതേസമയം, അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ നെതര്‍ലന്‍ഡ്‌സിനെതിരായ സ്വന്തം ടീമിന്റെ ജയത്തെ ആഘോഷിക്കുന്ന തിരക്കിലുമാണ്.

Related Articles

Back to top button