Football

മൊറോക്കോയില്‍ നിന്ന് ലോകകപ്പ് കാണാന്‍ 30 പ്രത്യേക വിമാനങ്ങള്‍!!

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സെമിഫൈനലില്‍ എത്തിയത് ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് മൊറോക്കോ. ആഫ്രിക്കയില്‍ നിന്ന് ആദ്യമായി ലോകകപ്പിന്റെ അവസാന നാലിലെത്തിയ മൊറോക്കോ ആഘോഷം കടുപ്പിക്കുന്നത് സ്വന്തം നാട്ടില്‍ നിന്നും ആരാധകരെ ഖത്തറില്‍ എത്തിച്ചാണ്.

ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനെ നേരിടുന്ന ടീമിനെ പിന്തുണയ്ക്കാന്‍ 30 പ്രത്യേക വിമാനങ്ങളാണ് ഖത്തറിലെത്തിയത്. കാസബ്ലാങ്കയില്‍ നിന്ന് ദോഹയിലേക്ക് ഫുട്ബോള്‍ ആരാധകരെ എത്തിക്കാന്‍ മൊറോക്കോയുടെ ദേശീയ വിമാനക്കമ്പനിയായ റോയല്‍ എയര്‍ മറോക്ക് 30 പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തി.

ഈ വിമാനങ്ങളിലായി ചുരുങ്ങിയത് 15,000 ആരാധകരെ ഖത്തറിലെത്തിച്ചിട്ടുണ്ട്. നിലവില്‍ ഖത്തറിലുള്ള 13,000 ത്തിലേറെ മൊറോക്കോ പൗരന്‍മാര്‍ക്ക് പുറമെയാണിത്. അതോടൊപ്പം ആദ്യമായി സെമിയിലെത്തുന്ന അറബ് രാജ്യമെന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയുടെ മുഴുവന്‍ പിന്തുണയും മൊറോക്കോയ്ക്ക് ലഭിക്കും.

രാജ്യത്തെ പിന്തുണയ്ക്കാന്‍ വിമാനത്തില്‍ എത്തുന്ന ഓരോ യാത്രക്കാരനും മൊറോക്കോയുടെ ദേശീയ നിറങ്ങളിലുള്ള ടി ഷര്‍ട്ടും പതാകയും അടങ്ങിയ ഒരു ബാക്ക്പാക്ക് വിമാനത്താവളത്തില്‍ നിന്ന് ലഭിച്ചിരുന്നു. മൊറോക്കോയുടെ സോക്കര്‍ ഫെഡറേഷനും അതിന്റെ സര്‍ക്കാരും ദേശീയ എയര്‍ലൈനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാന സര്‍വീസുകള്‍.

സ്‌പോര്‍ട്‌സ് മന്ത്രാലയവും റോയല്‍ മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും തമ്മിലുള്ള കരാര്‍ പ്രകാരം, ഒരു യാത്രക്കാരന് ഏകദേശം 470 ഡോളര്‍ എന്ന നിരക്കില്‍ റൗണ്ട് ട്രിപ്പ് ഫ്ളൈറ്റുകള്‍ സാധ്യമാക്കിയത്.

നേരത്തേ മൊറോക്കോ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ അട്ടിമറിച്ചതിനു ശേഷം ഖത്തറിലെ മൊറോക്കോയുടെ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് 5,000 ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.

അതേസമയം, അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ സ്വദേശത്തു നിന്നും നിരവധി അര്‍ജന്റൈന്‍ ആരാധകര്‍ ഖത്തറിലേക്ക് എത്തുന്നുണ്ട്. അര്‍ജന്റീനയില്‍ നിന്നും ആളുകള്‍ വന്നില്ലെങ്കിലും ഫൈനലില്‍ ഗ്യാലറിയുടെ 75 ശതമാനവും പിന്തുണ മെസിക്കും സംഘത്തിനുമായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഫൈനല്‍ കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button