Football

ഫ്രാന്‍സിന് പേടി അര്‍ജന്റീനയെയല്ല; ക്യാംപില്‍ കടന്നുകൂടിയ അജ്ഞാത വൈറസിനെ!

എത്രയും പെട്ടെന്ന് ലോകകപ്പ് ഫൈനല്‍ നടക്കുന്നോ അത്രത്തോളം സന്തോഷമാണ് ഫ്രാന്‍സിന്. ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത് ടീം ക്യാംപില്‍ താരങ്ങളെ ഓരോരുത്തരെയായി പിടികൂടന്ന അജ്ഞാത വൈറസിനെയാണ്. ടീം ക്യാംപില്‍ മൂന്നോളം താരങ്ങള്‍ക്കും അത്രത്തോളം സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഇതുവരെ ഫ്‌ളു പോലുള്ള വൈറസ് പിടിപെട്ടിട്ടുണ്ട്.

വ്യാഴാഴ്ച്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ കോച്ച് ദിദിയെം ദെഷാംപ്‌സ് തന്നെ ടീം ക്യാംപിലെ അജ്ഞാത അതിഥിയിലുള്ള ഭയം വ്യക്തമാക്കി. തങ്ങള്‍ അതീവ ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നതെന്ന് കോച്ച് വ്യക്തമാക്കി. അഡ്രിയന്‍ റാബിയോട്ട്, ഉപമെക്കാനോ എന്നിവര്‍ക്ക് ഈ വൈറസ് ബാധിച്ചിരുന്നു.

ഇരുവരും പരിശീലനത്തിന് ഇറങ്ങുന്നില്ല. ഇവരെ രണ്ടു പേരെയും പ്രത്യേക റൂമുകളിലേക്കും മാറ്റിയിട്ടുണ്ട്. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ ചിലര്‍ക്കും ഇതേ പ്രശ്‌നങ്ങളുണ്ട്. ഈ വൈറസ് ബാധിക്കുന്നവര്‍ക്ക് വലിയ ക്ഷീണം അനുഭവപ്പെടുന്നതായും കോച്ച് വെളിപ്പെടുത്തി. മുഴുവന്‍ സമയം എയര്‍കണ്ടീഷനിലാണ് കളിക്കാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും കോച്ച് വ്യക്തമാക്കി.

ഖത്തറില്‍ കളി കാണാനെത്തിയ നിരവധി യൂറോപ്യന്‍ ആരാധകര്‍ക്കും സമാനമായ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. യൂറോപ്പിലെ കാലാവസ്ഥയുമായുള്ള വ്യത്യാസമായിരിക്കാം കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഡിസംബര്‍ 18ന് ഇന്ത്യന്‍ സമയം രാത്രി 8:30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീന നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് ഏറ്റുമുട്ടുന്നത്.

ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ ഫ്രഞ്ച് സൂപ്പര്‍ താരവും ബാലന്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമ പരിക്ക് ഭേദമായി തിരിച്ചു വരുന്നെന്നും ഫൈനല്‍ കളിച്ചേക്കാമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഫ്രഞ്ച് കോച്ച് ഈ വാര്‍ത്ത നിഷേധിച്ചിട്ടുമില്ല.

ഇടത് തുടയിലേറ്റ പരിക്ക് മൂലമായിരുന്നു ബെന്‍സെമക്ക് ലോകകപ്പിലെ ഇത് വരെയുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നത്. ബെന്‍സെമ പരിക്കില്‍ നിന്ന് മുക്തനാകുന്നുണ്ടെന്നും ഉടന്‍ ടീമില്‍ തിരിച്ചെത്തുമെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button