Cricket

തകര്‍ച്ചയ്ക്ക് മുന്നില്‍ കടന്നാക്രമിച്ച് കളിപിടിച്ച് ‘മിന്നല്‍’ പന്ത്!

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ വലിയ തകര്‍ച്ച മുന്നില്‍ കണ്ട ഇന്ത്യയെ രക്ഷിച്ചത് ചെറുതെങ്കിലും നിര്‍ണായകമായ റിഷാഭ് പന്തിന്റെ ഇന്നിംഗ്‌സ്. ഒരു ഘട്ടത്തില്‍ മൂന്നിന് 48 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും (22), ശുഭ്മാന്‍ ഗില്ലും (20), വിരാട് കോഹ്ലിയും (1) പുറത്തായതോടെ എന്തും സംഭവിക്കുമെന്ന അവസ്ഥ.

ക്രീസില്‍ വന്നതു മുതല്‍ പോസിറ്റീവായി കളിക്കാന്‍ പന്ത് തീരുമാനിച്ചതോടെ കളിയിലേക്ക് ഇന്ത്യ തിരിച്ചു വന്നു. ക്ലോസ് ഫീല്‍ഡര്‍മാരെ നിര്‍ത്തി ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദത്തിലാക്കാമെന്ന ബംഗ്ലാ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ഹസന്റെ നീക്കവും പന്ത് പൊളിച്ചു.

കടന്നാക്രമണം നടത്തിയതോടെ ഫീല്‍ഡര്‍മാരെ റണ്‍സ് വഴങ്ങാതെ വിന്യസിക്കേണ്ടി വന്നു ബംഗ്ലാദേശിന്. ഇതോടെ കളിയിലെ നിയന്ത്രണം ബംഗ്ലാദേശില്‍ നിന്ന് അയഞ്ഞ് ഇന്ത്യയ്‌ക്കൊപ്പമായി.

കേവലം 46 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തതെങ്കിലും ഒരു സെഞ്ചുറിയുടെ ഫലമുണ്ടായിരുന്നു പന്തിന്റെ ഇന്നിംഗ്‌സിന്. 6 ഫോറും 2 സിക്‌സറുകളും ഉള്‍പ്പെടെയാണ് പന്ത് ടെസ്റ്റിലെ തന്റെ മിന്നും ഫോം തുടര്‍ന്നത്.

ഒരു സെഷന്‍ കൂടി പന്ത് ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ കളിയില്‍ തന്നെ സമ്പൂര്‍ണ ആധിപത്യം നേടിയേനെ. തുടക്കത്തില്‍ വീണ വിക്കറ്റുകളുടെ പ്രതിസന്ധിയില്‍ നിന്ന് കരകയറിയ ഇന്ത്യയ്ക്ക് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ആദ്യ ദിനം തന്നെ മല്‍സരത്തില്‍ കൃത്യമായ ആധിപത്യം നേടാം.

ബംഗ്ലാദേശിലെ പിച്ച് അവസാന രണ്ട് ദിനങ്ങളില്‍ സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്നതാണ്. 150 റണ്‍സില്‍ കൂടുതല്‍ പോലും അവസാന ദിവസം സ്‌കോര്‍ ചെയ്യുക എളുപ്പമാകില്ല. ഇന്ത്യയ്ക്കാകട്ടെ മൂന്ന് മികച്ച സ്പിന്നര്‍മാരുടെ സാന്നിധ്യവും ഉണ്ട്.

Related Articles

Back to top button