Football

മെസിയുടെ രണ്ടാംഗോള്‍ നിയമവിരുദ്ധം?; തെളിവ് പുറത്തുവിട്ട് ഫ്രാന്‍സുകാര്‍!!

ആവേശപ്പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ വീഴ്ത്തി കിരീടം ചൂടുമ്പോള്‍ അര്‍ജന്റീനയ്ക്കും മെസിക്കും അത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അവസാനം. ആവേശം അവസാന സെക്കന്‍ഡ് വരെ കാത്തിനിന്ന മല്‍സരത്തിനാണ് ലൂസൈയ്ല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

എക്‌സ്ട്രാ ടൈമിലും 3-3 വന്ന മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. ഫ്രാന്‍സിന്റെ തോല്‍വിക്ക് ശേഷം അവരുടെ ആരാധകര്‍ കട്ടക്കലിപ്പിലാണ്. ഫ്രാന്‍സില്‍ പലയിടത്തും കലാപം നടന്നു. ഇപ്പോഴിതാ ഗൂഢാലോചന തിയറിയുമായി ഒരുകൂട്ടം ഫ്രാന്‍സ് ആരാധകര്‍ രംഗത്തു വന്നിരിക്കുന്നു.

മെസിയുടെ രണ്ടാം ഗോള്‍ ഗോളല്ലെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ഇതിനായി സ്റ്റേഡിയത്തില്‍ നിന്നുള്ള ഫോട്ടോയും അവര്‍ തെളിവായി കാണിക്കുന്നുണ്ട്. മെസി നിര്‍ണായകമായ രണ്ടാം ഗോള്‍ നേടുമ്പോള്‍ ലൈന്‍ റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചിരുന്നു.

എന്നാല്‍ പ്രധാന റഫറിയുടെ തീരുമാനം മറിച്ചായിരുന്നു. മെസി ഈ ഗോള്‍ നേടുമ്പോള്‍ അര്‍ജന്റീനയുടെ രണ്ട് സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങള്‍ ഗ്രൗണ്ടിന് അകത്താണെന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.

മെസി ഗോള്‍ വല കുലുക്കുന്ന സമയത്താണ് രണ്ട് പകരക്കാര്‍ താരങ്ങള്‍ സൈഡ് വരയ്ക്കു ഇപ്പുറം ഗ്രൗണ്ടില്‍ നില്‍ക്കുന്നതായി കാണുന്നത്. മൊത്തം 13 അര്‍ജന്റൈന്‍ താരങ്ങള്‍ മെസി വലകുലുക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഫ്രഞ്ച് ആരോപണം. അതേസമയം, നിയമപ്രകാരം ഇത് പ്രശ്‌നമല്ലെന്നാണ് പലരും പറയുന്നത്.

കളിയില്‍ ഇടപെടാത്ത പക്ഷം പകരക്കാര്‍ അബദ്ധവശാല്‍ ഗ്രൗണ്ടില്‍ ഉണ്ടെങ്കില്‍ പോലും അതു പ്രശ്‌നമല്ല. മുമ്പ് പലപ്പോഴും ഇതു സംഭവിച്ചിട്ടുണ്ടെന്നും കളി വിദഗ്ധര്‍ പറയുന്നു. പകരക്കാര്‍ പന്തുമായോ കളിയുമായോ യാതൊരു തരത്തിലും ആ ഗോള്‍ വീണ സമയത്ത് ബന്ധപ്പെട്ടിട്ടില്ല. പിന്നെങ്ങനെ നിയമവിരുദ്ധമാകുമെന്നും വിദഗ്ധര്‍ ചോദിക്കുന്നു.

ഫ്രഞ്ചുകാരുടെ നിഗൂഢത തിയറിക്ക് വലിയ പിന്തുണ കിട്ടുന്നില്ലെന്നതാണ് സത്യം. ഫൈനലില്‍ മികച്ച രീതിയില്‍ കളി നിയന്ത്രിച്ച റഫറിയും കലാശപ്പോരാട്ടം മനോഹരമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. 2026 ല്‍ മെക്‌സിക്കോയിലും അമേരിക്കയിലുമായാണ് അടുത്ത ലോകകപ്പ്.

Related Articles

Back to top button