Football

മെസി ഇന്റര്‍ മയാമിയിലേക്ക്! ലോകകപ്പിനിടെ വമ്പന്‍ ട്രാന്‍സ്ഫര്‍ വാര്‍ത്ത!

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് ഇടയില്‍ ക്ലബ് വാര്‍ത്തകളില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒഴിവാക്കിയതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം, ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയുടെ താരമായ ലയണല്‍ മെസി അമേരിക്കന്‍ മേജല്‍ ലീഗ് സോക്കറിലേക്ക് ചേക്കേറും എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.

അതും ഇംഗ്ലീഷ് ഇതിഹാസ താരം ഡേവഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയില്‍ നിന്ന് 2021ലാണ് മെസി പിഎസ്ജിയില്‍ എത്തിയത്. 2023 ജൂണ്‍ 30 വരെയാണ് പിഎസ്ജിയുമായി മെസിക്ക് കരാര്‍ ഉള്ളത്. പിഎസ്ജിയുമായി നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് ലയണല്‍ മെസിയെ തേടി ഡേവിഡ് ബെക്കാമിന്റെ ക്ലബ് മുന്നോട്ടുവന്നിരിക്കുന്നത് എന്നു ശ്രദ്ധേയം.

മേജര്‍ ലീഗ് സോക്കറില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് മെസിയെ ഇന്റര്‍ മയാമി സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഫിഫ 2022 ലോകകപ്പിനായി അര്‍ജന്റീനയ്ക്കൊപ്പം ഖത്തറിലാണ് ലയണല്‍ മെസി. ലോകകപ്പിനു ശേഷം മെസി, ഇന്റര്‍ മയാമിയുമായി ധാരണയില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. മെസി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്നും ഈ സീസണോടെ മെസി പിഎസ്ജി വിടുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലയണല്‍ മെസിക്ക് മയാമിയില്‍ വീടുണ്ട്. അതുകൊണ്ടുതന്നെ തന്റെ ശേഷിക്കുന്ന ക്ലബ് ജീവിതം അമേരിക്കയില്‍ ആഘോഷിച്ചേക്കാം എന്ന തീരുമാനം മെസി കൈക്കോണ്ടേക്കും എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, ബാഴ്സലോണ റീയൂണിയന്‍ ആണ് ഡേവിഡ് ബെക്കാം മെസിക്കായി പ്ലാന്‍ ചെയ്യുന്നതെന്നും സൂചന.

ബാഴ്സലോണ മുന്‍ താരങ്ങളായ സെസ് ഫാബ്രിഗസ്, ലൂയിസ് സുവാരസ് എന്നിവരെയും ഇന്റര്‍ മയാമി ലയണല്‍ മെസിക്കൊപ്പം സ്വന്തമാക്കാനാണ് നീക്കം. ലൂയിസ് സുവാരസ് ഉറുഗ്വെന്‍ ക്ലബ്ബായ നാസിയോണലില്‍ നിന്ന് ഈ വര്‍ഷം ഡിസംബര്‍ 31 ന് ഫ്രീ ആകും. ഫാബ്രിഗസ് ഇറ്റാലിയന്‍ സെരി ബി ടീമായ കൊമൊയിലാണ്.

അതേസമയം, പിഎസ്ജിയില്‍ നിന്ന് ലയണല്‍ മെസിയെ തിരികെ സ്വന്തമാക്കാന്‍ ബാഴ്സലോണയും ശ്രമം നടത്തിയേക്കും എന്നു സൂചനയുണ്ട്. എതായാലും അര്‍ജന്റീനയ്ക്കായി ലോകകപ്പ് പോരാട്ടത്തിലാണ് ലയണല്‍ മെസി.

ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീന, രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ കീഴടക്കി പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളിലും മെസി ഗോള്‍ നേടി. ഇന്ത്യന്‍ സമയം നവംബര്‍ 30 അര്‍ധരാത്രി 12.30ന് പോളണ്ടിന് എതിരേയാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

 

Related Articles

Back to top button