Football

ഡ്രസിംഗ് റൂമില്‍ അര്‍മാദിക്കുന്നതിനിടെ മെസിക്ക് 82 കോടിയുടെ ചെക്കും !!

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലഭിച്ച ഫിഫ ലോകകപ്പ് കിരീടനേട്ടം അറമാദിച്ച് ആഘോഷിച്ച് അര്‍ജന്റീന താരങ്ങള്‍. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നേതൃത്വത്തിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് കിരീടനേട്ട ആഘോഷം എന്നതാണ് ഏറ്റവും ശ്രദ്ധേയം.

2021 ഡിസംബറില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വിരമിച്ച സെര്‍ജിയൊ അഗ്വേറോയും അര്‍ജന്റീനയുടെ ഡ്രസിംഗ് റൂം ആഘോഷത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നു. ലയണല്‍ മെസി ഡ്രസിംഗ് റൂമിലെ മേശയുടെ മുകളില്‍ ലോകകപ്പ് ട്രോഫിയും കൈയിലേന്തി നൃത്തംവച്ചു.

മെസിക്കൊപ്പം സഹതാരം ലൗട്ടാരോ മാര്‍ട്ടിനെസും ലോകകപ്പ് ട്രോഫിയുമായി നൃത്തം ചെയ്യാന്‍ കുതിച്ചു. അതിനിടെയാണ് മെസിക്ക് 10 മില്യണ്‍ ഡോളറിന്റെ ചെക്ക് ( 82 കോടി രൂപ ) എത്തിയത്. ആഘോഷത്തിന് ഒരു ചെറിയ വിരാമമിട്ടശേഷം ആ ചെക് മെസി സ്വീകരിച്ചു. അര്‍ജന്റീനയ്ക്ക് ലോകകപ്പ് ആഘോഷിക്കാനാലിയ ലഭിച്ച തുകയായിരുന്നു അത്.

വീണ്ടും ആഘോഷം പുനരാരംഭിക്കുകയും ചാമ്പ്യന്‍മാരുടെ ഗാനം വീണ്ടും മുഴങ്ങുകയും ചെയ്തു. ഇതിനിടെ അര്‍ജന്റീന ടീമിലെ ഒരു ജീവനക്കാരന്‍ വെയ്സ്റ്റ് ബിന്നിലേക്ക് തലകീഴായി ജംപ് ചെയ്താണ് ആഹ്ലാദപ്രകടനം നടത്തിയത്.

നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകപ്പ് ട്രോഫിയില്‍ മൂന്നാം തവണ ചുംബിച്ചത്. 1986 ല്‍ ഇതിഹാസ താരം ഡിയേഗോ മാറഡോണ ആയിരുന്നു അര്‍ജന്റീനയ്ക്ക് അവസാനമായി ലോകകപ്പ് സമ്മാനിച്ചത്. മാറഡോണയ്ക്ക് തുല്യനായി ലയണല്‍ മെസിയും ഇതോടെ മാറി. 1978ല്‍ ആയിരുന്നു അര്‍ജന്റീന ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരായത്.

ഫിഫ ലോകകപ്പിന്റെ 92 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ഫൈനലായിരുന്നു ദോഹയിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ അരങ്ങേറിയത്. ഹൃദയമിടിപ്പ് നിലച്ചുപോകുന്ന തരത്തില്‍ അരങ്ങേറിയ ത്രില്ലറില്‍ നിശ്ചിത സമയത്ത് 2-2നും അധിക സമയത്ത് 3-3നും ഇരുടീമും തുല്യത പാലിച്ചു.

പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ജേതാക്കളെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്റീന ജയം സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ ഷൂട്ടൗട്ടിലൂടെ ജേതാക്കളെ നിശ്ചയിച്ച മൂന്നാം ഫൈനല്‍ ആയിരുന്നു ഇത്. 1994, 2006 എഡിഷനുകളിലായിരുന്നു മുമ്പ് ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ട് അരങ്ങേറിയത്.

 

Related Articles

Back to top button