Football

കപ്പ് വാങ്ങിയപ്പോള്‍ മെസി അണിഞ്ഞ കറുത്ത മേലങ്കി അമൂല്യ സമ്മാനം!!

അപൂര്‍ണനായ മനുഷ്യനായി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ലയണല്‍ മെസിയെ ഫുട്‌ബോള്‍ ലോകം സമ്മതിച്ചില്ല. ലൂസൈയ്ന്‍ സ്‌റ്റേഡിയത്തില്‍ അടിയും തിരിച്ചടിയുമായി ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലിനൊടുവില്‍ അര്‍ജന്റീനയ്ക്ക് ചരിത്ര കിരീടം.

ആവേശപ്പോരാട്ടത്തിനൊടുവില്‍ കിരീടം ഏറ്റുവാങ്ങാനൊരുങ്ങിയ മെസിയെ ഖത്തര്‍ ഭരണാധികാരി ഒരു കറുത്ത മേലങ്കി അണിയിച്ചിരുന്നു. നേര്‍ത്ത ഈ മേല്‍വസ്ത്രം ജേഴ്‌സിക്ക് മുകളില്‍ ധരിച്ചാണ് മെസി കിരീടം ഏറ്റുവാങ്ങിയത്.

കിരീടം ഏറ്റുവാങ്ങുന്നത് കണ്ട പലരും എന്താണ് സംഭവമെന്ന് ഇന്റര്‍നെറ്റില്‍ പരതുകയും ചെയ്തു. ഇപ്പോഴിതാ മെസി അണിഞ്ഞ ആ മേലങ്കിയുടെ ചരിത്രവും അതിന്റെ മൂല്യവും പുറത്തു വന്നിരിക്കുകയാണ്. അറേബ്യന്‍ പോരാളികള്‍ അണിയുന്ന ബെസ്ത എന്ന വസ്ത്രമാണ് സമ്മാനദാന ചടങ്ങില്‍ മെസിയെ അണിയിച്ചത്.

ഗള്‍ഫ് രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഖത്തറിലെ രാജകീയ കുടുംബങ്ങളിലെ യുദ്ധവീരന്മാരാണ് ഇത്തരം വസ്ത്രം അണിയുന്നത്. മെസിയോടുള്ള ആദരസൂചകമായിട്ടാണ് ഖത്തര്‍ ഭരണാധികാരി അദേഹത്തെ ഈ വസ്ത്രം അണിയിച്ചത്.

ഫുട്‌ബോള്‍ ലോകത്തെ പോരാളിയെന്ന ആദരവ് നല്‍കിയാണ് ആതിഥേയ രാഷ്ട്രം ഇത്തരത്തില്‍ മെസിയെ ആദരിച്ചതെന്ന് ഗള്‍ഫ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. തങ്ങളുടെ രാജ്യത്തിന്റെ വിലയേറിയ അതിഥിയായിട്ടാണ് മെസിയെ ഖത്തര്‍ കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ലോകകപ്പുമായി അര്‍ജന്റീനയില്‍ മെസിക്കും സംഘത്തിനും വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനമായ ബ്യൂണേഴ്‌സ് അയേഴ്‌സിലും മെസിയുടെ ജന്മനാടായ റൊസാരിയോയിലും ലക്ഷങ്ങളാണ് തെരുവില്‍ ആഘോഷിക്കുന്നത്.

Related Articles

Back to top button