Football

മെസിയെ രാജ്യത്ത് വിലക്കാന്‍ നീക്കവുമായി മെക്‌സിക്കോ; പിന്നില്‍ രാഷ്ട്രീയക്കാര്‍!

ഇത്തവണത്തെ ഫിഫ ലോകകപ്പ് കളത്തിലും പുറത്തും നാടകീയമായ പല സംഭവങ്ങള്‍ക്കും വേദിയായിട്ടാണ് മുന്നേറുന്നത്. രാഷ്ട്രീയവും മതപരവുമായ പ്രതിഷേധങ്ങളും വേര്‍തിരിവുകളും പലതും കണ്ടെങ്കിലും പുല്‍മൈതാനത്തെ പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് വലിയ ആവേശം തന്നെയാണ് സമ്മാനിക്കുന്നത്.

മുന്‍കാല ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി അട്ടിമറികള്‍ക്കും ലോകകപ്പ് വേദിയായി. ആരു കളി ജയിക്കുമെന്ന് അവസാന വിസില്‍ മുഴങ്ങും വരെ പ്രവചിക്കാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു ഇത്തവണ.

കളത്തിനു പുറത്തെ രാഷ്ട്രീയവും സങ്കുചിതവുമായ പല പ്രവണതകളും ഇത്തവണ കണ്ടു. അത്തരത്തില്‍ തെറ്റായ ഒരു നീക്കമാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്കെതിരേ നടക്കുന്നത്.

മെസിക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ മെക്‌സിക്കോയിലെ രാഷ്ട്രീയ നേതൃത്വം ശ്രമം തുടങ്ങിയതായി വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്‌സിക്കോയ്‌ക്കെതിരായ മല്‍സരശേഷം ഡ്രെസിംഗ് റൂമില്‍ വച്ച് മെസി മെക്‌സിക്കന്‍ ജേഴ്‌സിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

മെക്‌സിക്കോയെ അപമാനിക്കുകയാണ് മെസി ചെയ്തതെന്നും അതുകൊണ്ട് തന്നെ താരത്തെ വിലക്കണമെന്നുമുള്ള ആവശ്യങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്നു. മെസിയെ വിലക്കിയാല്‍ അതൊരു പക്ഷേ അര്‍ജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിലേക്ക് വഴിതെളിക്കും.

മെക്‌സിക്കോയെ അപമാനിക്കാന്‍ മെസി ശ്രമിച്ചെന്ന വിമര്‍ശനത്തിന് പക്ഷേ ആരാധകരുടെ ഇടയില്‍ നിന്നും വലിയ പിന്തുണ കിട്ടുന്നില്ല. മെസി ബോധപൂര്‍വം അത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നത് തന്നെ കാരണം. അതേസമയം നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ മല്‍സരത്തിനുള്ള ഒരുക്കത്തിലാണ് മെസിയും അര്‍ജന്റീനയും.

Related Articles

Back to top button